ഡസന്‍കണക്കിനു പെണ്‍കുട്ടികളെ പീഡിപ്പിച്ച അമേരിക്കന്‍ കോടീശ്വരനു ജാമ്യമില്ല; കുറ്റം തെളിയിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ തടവ്

പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീ (66)നു ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു ഫെഡറല്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മറ്റു പെണ്‍കുട്ടികള്‍ക്കു ഭീഷണിയായതിനാല്‍ പുറത്തു വിടരുതെന്ന പരാതിക്കാരായ യുവതികളുടേയും കൂടി  ആവശ്യംപരിഗണിച്ചാണിത്. അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുള്ളതിനാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും എപ്സ്റ്റീന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.

ബാലപീഡകനായ എപ്സ്റ്റീന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാള്‍ക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോര്‍ട്ട്‌നി വൈല്‍ഡും ആനി ഫാര്‍മറും വിശദീകരിച്ചു. കോടതിയില്‍ യുവതികളുടെ വാക്കുകളോട് എതിര്‍ത്തൊന്നും പറയാതിരുന്ന എപ്സ്റ്റീന്‍ പക്ഷേ, മുഴുവന്‍ സമയവും ഇരുവരെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ രൂക്ഷമായാണു നോക്കിയത്. 14-ാം വയസ്സില്‍ എപ്സ്റ്റീന്‍ പീഡിപ്പിച്ചതായാണ് കോര്‍ട്ട്‌നി വൈല്‍ഡ് മൊഴി നല്‍കിയത്.

16-ാം വയസ്സില്‍ ന്യൂയോര്‍ക്കിലാണ് എപ്സ്റ്റീനുമായി നിര്‍ഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി ഫാര്‍മര്‍ മൊഴി നല്‍കി. പിന്നീട് ന്യൂ മെക്‌സിക്കോയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി. അയാളുടെ സമ്പത്തും സ്വാധീനവും കുപ്രസിദ്ധിയും കേസിനെ അട്ടിമറിക്കുന്നു. ഇരകളില്‍ പലരും മുന്നോട്ടുവരാന്‍ ഭയപ്പെടുകയാണ്. ന്യൂയോര്‍ക്കിലെ ബംഗ്ലാവില്‍ കഴിഞ്ഞയാഴ്ച കണ്ടെടുത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ താനുള്‍പ്പെടെ എല്ലാ ഇരകളെയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇരകളാക്കുകയാണെന്നും ആനി പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഇയാളുടെ സമ്പാദ്യത്തെ പറ്റിയും മാന്‍ഹാട്ടനിലെ ബംഗ്ലാവില്‍ ഒളിപ്പിച്ച അമൂല്യവസ്തുക്കളെ പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്‌പോര്‍ട്ട് കണ്ടെടുത്തതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു എന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 1980-ല്‍ അനുവദിച്ചതാണു പാസ്‌പോര്‍ട്ട്. 77 ദശലക്ഷം ഡോളര്‍ മൂല്യമുള്ള അപ്പര്‍ ഈസ്റ്റ് സൈഡ് മാന്‍ഷനില്‍ ആവശ്യത്തിലേറെ പണവും രത്‌നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെയും സുഹൃത്തായിരുന്നു എപ്സ്റ്റീന്‍.

കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാന്‍ഹട്ടന്‍, പാം ബീച്ച്, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ രാജകീയ ബംഗ്ലാവുകളുണ്ട്. ഇവിടങ്ങളിലാണ് പെണ്‍കുട്ടികളെ എത്തിച്ചു പീഡിപ്പിച്ചത്. 2002 മുതല്‍ 2005 വരെയുള്ള കാലയളവില്‍ “ഡസന്‍” കണക്കിനു പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

ഹെഡ്ജ് ഫണ്ടിലും പ്രൈവറ്റ് ഇക്വിറ്റിയിലുമായി ഏകദേശം 195 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇക്വിറ്റികളിലായി 112.7 മില്യന്‍ ഡോളറുണ്ട്. ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റീസില്‍നിന്ന് 14.3 മില്യന്‍ ഡോളറാണ് വരുമാനം. യു.എസ് വിര്‍ജീനിയ ഐലന്‍ഡില്‍ സ്വന്തമാക്കിയ ലിറ്റില്‍ സെന്റ് ജെയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 മില്യന്‍ ഡോളര്‍. റിയല്‍ എസ്റ്റേറ്റിലെ ആകെ സമ്പത്ത് 179 മില്യന്‍ ഡോളര്‍. ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപിനെ “പീഡോഫൈല്‍ ഐലന്‍ഡ്” (ബാലപീഡന ദ്വീപ്) എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

എണ്ണപ്പനകള്‍ നിറഞ്ഞ സ്വര്‍ഗഭൂമിയെന്നും ഈ ദ്വീപ് അറിയപ്പെടുന്നു. മനോഹരമായ കെട്ടിടങ്ങളും സ്വര്‍ണ മകുടത്തോടു കൂടിയ ആരാധനാലയവും ഇവിടെയുള്ളതായി നാട്ടുകാര്‍ പറയുന്നു. പുറമേ നിന്നുള്ളവര്‍ക്ക് ഇവിടെ കയറിപ്പറ്റാനാവില്ല. ഹെലികോപ്റ്ററിലും ജലയാനത്തിലുമായി എപ്സ്റ്റീന്‍ ഇടയ്ക്കിടെ വരാറുണ്ട്. 22.5 മില്യന്‍ ഡോളറാണ് ഗ്രേറ്റ് സെന്റ് ജെയിംസ് എന്ന മറ്റൊരു ദ്വീപിന്റെ വിപണിമൂല്യം. മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡ് ടൗണ്‍ഹൗസിന്റെ മൂല്യം 77 മില്യന്‍ ഡോളര്‍.

എപ്സ്റ്റീന്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസുകള്‍ യു.എസ് ലേബര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. “മിയാമി ഹെറാള്‍ഡ്” ആണ് വാര്‍ത്ത പുറത്തുവിട്ടത്. അന്നത്തെ ഫെഡറല്‍ പ്രോസിക്യൂട്ടറും എപ്‌സ്റ്റീനിന്റെ സുഹൃത്തുമായ അലക്‌സാണ്ടര്‍ അകോസ്റ്റ കേസുകള്‍ ഇല്ലാതാക്കിയെന്നായിരുന്നു മിയാമിയുടെ റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാരില്‍ ലേബര്‍ സെക്രട്ടറിയായിരുന്ന അലക്‌സാണ്ടര്‍ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെ തുടര്‍ന്നു രാജിവെച്ചു. ട്രംപിന്റെ ശക്തനായ വക്താവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രമുഖ അഭിഭാഷകന്‍ എലാന്‍ ഡര്‍ഷോവിറ്റ്സും ആരോപണം നേരിടുന്നു.

Read more

പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരാക്കി മസ്സാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു അന്വേഷണ സംഘം കണ്ടെത്തിയത്. ലൈംഗിക കടത്ത്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് എപ്സ്റ്റീനെതിരെ ചുമത്തിയിട്ടുള്ളത്. ഇവ തെളിയിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണം.