ട്രംപിന്റെ 'മുസ്ലിം യാത്രക്കാർക്കുള്ള നിരോധനം' അവസാനിപ്പിക്കാൻ ജോ ബൈഡൻ, അതിർത്തിയിലെ മതിൽ നിർമ്മാണവും നിർത്തും

യു.എസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജോ ബൈഡൻ ബുധനാഴ്ച തന്റെ ഭരണത്തിന് ആരംഭം കുറിക്കുന്നത് നിരവധി ഉത്തരവുകളിൽ ഒപ്പുവച്ചുകൊണ്ടായിരിക്കും എന്ന് റിപ്പോർട്ട്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും ലോകാരോഗ്യ സംഘടനയിലേക്കും യു.എസിനെ പുനഃസ്ഥാപിക്കാനുള്ള ഉത്തരവുകളും ഇതിൽ ഉൾപ്പെടും.

യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ജോ ബൈഡൻ 17 ഉത്തരവുകളിലും നടപടികളിലും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന് പുറമേ കുടിയേറ്റം, പരിസ്ഥിതി, കോവിഡ് -19, സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിൽ പുതിയ വഴികൾ സ്ഥാപിക്കുന്നതിനും ഈ ഉത്തരവുകൾ വഴിയൊരുക്കും.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കെതിരായ ട്രംപിന്റെ നിരോധനം അവസാനിപ്പിക്കുക, യുഎസ്-മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റം തടയാൻ ട്രംപ് ഉത്തരവിട്ട മതിലിന്റെ നിർമ്മാണം നിർത്തിവയ്ക്കുക തുടങ്ങിയവയും ജോ ബൈഡന്റെ ആദ്യ ദിവസത്തെ നീക്കങ്ങളിൽ ഉൾപ്പെടും. .

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ഫെഡറൽ പ്രോപ്പർട്ടിയിൽ മാസ്ക് മാൻഡേറ്റ് നിശ്ചയിക്കും; ട്രംപ് നീക്കം ചെയ്ത പ്രകൃതി സമ്പത്തിന്റെ സംരക്ഷണം പുനഃസ്ഥാപിക്കുക; കൊറോണ വൈറസ് പകർച്ചവ്യാധിമൂലം വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ദശലക്ഷക്കണക്കിന് പേരുടെ സംരക്ഷണം എന്നിവയല്ലാം ജോ ബൈഡന്റെ ഉത്തരവുകളിൽ ഇടം പിടിക്കും.

ഇമിഗ്രേഷൻ നയങ്ങൾ പരിഷ്കരിക്കുന്നതിനും രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം നിഷേധിച്ച പൗരത്വം നേടിക്കൊടുക്കാൻ കോൺഗ്രസിന് ബിൽ അയയ്ക്കാനും ജോ ബൈഡൻ പദ്ധതിയിടുന്നുണ്ട്.

“ട്രംപ് ഭരണകൂടം സൃഷ്ട്ടിച്ച ഗുരുതരമായ നഷ്ടങ്ങൾ മറികടക്കാൻ മാത്രമല്ല രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികളും ജോ ബൈഡൻ സ്വീകരിക്കും,” ബൈഡന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.