ഇന്ത്യയിലെ അവസ്ഥ "ആശങ്കാജനകം", രാജ്യത്ത് ഉണ്ടാകുന്ന “അനിശ്ചിതത്വം” അയൽക്കാരെയും ബാധിക്കും: ബംഗ്ലാദേശ്

ഭേദഗതി ചെയ്ത പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും (എൻ‌ആർ‌സി) ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ ആവർത്തിച്ചു. എന്നാൽ രാജ്യത്ത് ഉണ്ടാകുന്ന ഏതെങ്കിലും “അനിശ്ചിതത്വം” അയൽക്കാരെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ത്യയിലുടനീളം വിവാദമായ പൗരത്വ നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധത്തിനിടയിൽ, സാഹചര്യം “തണുക്കുമെന്നും” അയൽരാജ്യങ്ങൾക്ക് പ്രശ്നത്തിൽ നിന്നും “രക്ഷപ്പെടാമെന്നും” മോമെൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

“പൗരത്വ നിയമ ഭേദഗതിയും എൻ‌ആർ‌സിയും (പൗരന്മാരുടെ ദേശീയ രജിസ്റ്റർ) ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഇവ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് ഇന്ത്യൻ സർക്കാർ വീണ്ടും വീണ്ടും ഉറപ്പുനൽകി, നിയമപരമായ കാരണങ്ങളാലാണ് അവർ ഇത് ചെയ്യുന്നത് എന്നാണ് പറയുന്നത്,” ഭേദഗതി വരുത്തിയ പൗരത്വ നിയമത്തെക്കുറിച്ചും അതിനെതിരായ പ്രതിഷേധത്തെക്കുറിച്ചും പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മോമെൻ പി.ടി.ഐയോട് പറഞ്ഞു.

ഒരു സാഹചര്യത്തിലും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വാക്ക് നൽകിയിട്ടുണ്ട്.

“ഞങ്ങൾ ഇന്ത്യയുടെ ഒന്നാം നമ്പർ സുഹൃത്താണ്. അതിനാൽ, ഇന്ത്യയിൽ അനിശ്ചിതത്വം ഉണ്ടെങ്കിൽ അത് അയൽവാസികളെ ബാധിച്ചേക്കാം. യു.എസിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ അത് പല രാജ്യങ്ങളെയും ബാധിച്ചു, കാരണം നമ്മൾ ജീവിക്കുന്നത് ഒരു ആഗോള ലോകത്താണ്. അതിനാൽ ഇന്ത്യയിൽ എന്തെങ്കിലും അനിശ്ചിതത്വം ഉണ്ടെങ്കിൽ അത് അയൽവാസികളെ ബാധിക്കുമെന്നതാണ് ഞങ്ങളുടെ ഭയം, ” അബ്ദുൾ മോമെൻ പറഞ്ഞു.

Read more

“ഇത് ആശങ്കാജനകമാണ്. സ്ഥിതി തണുക്കുകയും ഇന്ത്യ അതിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു … ഇത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇത് ഞങ്ങളുടെ പ്രശ്നമല്ല. അവർ അത് കൈകാര്യം ചെയ്യണം,” അദ്ദേഹം കൂട്ടിച്ചേർത്തു.