അഷ്‌റഫ് ഗനിക്ക് അറബ് രാജ്യത്ത് അഭയം; മാനുഷിക പരിഗണനകൾ നൽകി സ്വീകരിച്ചെന്ന് യുഎഇ

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി യുഎഇ സ്വാഗതം ചെയ്തതായി വിദേശ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പ്രസ്താവനയിലൂടെ അറിയിച്ചു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് യുഎഇയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വാം വാർത്താ ഏജൻസിയാണ് വാർത്ത പുറത്ത് വിട്ടത്.

യു.എ.ഇയിൽ അഭയം നൽകിയെന്ന് പറഞ്ഞെങ്കിലും ഒറ്റ വരിയിലുള്ള പ്രസ്താവനയിൽ അഷ്റഫ് ഗനി നിലവിൽ എവിടെയാണ് ഉള്ളതെന്ന് പരാമർശിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും മറ്റ് ഉന്നത നേതാക്കളുമാണ് രാജ്യം വിട്ടത്.

രാജ്യം വിട്ട് അഭയം തേടിയെത്തിയ അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനിക്ക് താജിക്കിസ്ഥാൻ പ്രവേശനാനുമതി നൽകാതതിനെ തുടർന്ന് ഒമാനിൽ ഇറങ്ങിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.

അതേസമയം അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായെന്നും റിപ്പോർട്ട് വന്നു. റഷ്യൻ എംബസിയെ ഉദ്ധരിച്ച് ആർഎൻഎ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാല് കാറുകൾ നിറച്ച് പണം കൊണ്ടു പോയെന്നും ഹെലികോപ്ടറിൽ കൊള്ളാത്തത് ഉപേക്ഷിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഗനിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന് താജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബ്, ഗനിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഫാസൽ മഹ്മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവർക്കെതിരെ ട്രഷറി മോഷണക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ജനങ്ങളുടെ സമ്പത്ത് വീണ്ടെടുക്കാൻ ഇവരെ അറസ്റ്റ് ചെയ്യണമെന്നും അഫ്​ഗാൻ എംബസി ആവശ്യപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.