ലക്ഷ്യം സഫലമായി പത്തു വര്‍ഷത്തിനുശേഷം 'ക്ലറിക്കല്‍ കോളര്‍' വീണ്ടുമണിഞ്ഞ് യോര്‍ക്ക് ആര്‍ച്ച് ബിഷപ്.

സിംബാബ്വെയിലെ റോബര്‍ട്ട് മുഗാബെയുടെ ഏകാധിപത്യഭരണത്തില്‍ പ്രതിഷേധിച്ചു പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ച സ്ഥാനചിഹ്നമായ ക്ലറിക്കല്‍ കോളര്‍ തിരിച്ചണിഞ്ഞ് യോര്‍ക്കിലെ ആഫ്രിക്കന്‍ വംശജനായ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്. മുഗാബെ ഭരണം അനസാനിച്ചതിനു പിന്നാലെയാണ് ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ സെന്റാമു സ്ഥാനചിഹ്നം തിരികെയണിഞ്ഞത്.

ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ സെന്റാമു പത്തുവര്‍ഷം മുമ്പ് ബിബിസിയിലെ അഭിമുഖ പരിപാടിക്കിടെയാണ് മുഗാബെ ഭരണത്തോട് നീരസം പ്രകടിപ്പിച്ച് തന്റെ ക്ലറിക്കല്‍ കോളര്‍ പരസ്യമായി കഷണങ്ങളാക്കി പ്രതിഷേധം അറിയിച്ചത്. മുഗാബെ ഭരണത്തില്‍ തുടരുന്നെടുത്തോളം കാലം താന്‍ ഇനി കോളര്‍ അണിയില്ലെന്ന് ആര്‍ച്ച്ബിഷപ് അന്ന് പറഞ്ഞിരുന്നു. അന്ന് നുറുക്കി എറിഞ്ഞ കോളറിന്റെ കഷണങ്ങളെല്ലാം ബിബിസി സൂക്ഷിച്ച് വച്ചിരുന്നു.

മുഗാബെയുടെ ഏകാധിപത്യ ഭരണം അവസാനിച്ചതിനു പിന്നാലെ അന്ന് ആര്‍ച്ച്ബിഷപ്പിന്റെ അഭിമുഖം നടത്തിയ ആന്‍ഡി മര്‍ എന്ന അവതാരകന്‍ തന്നെ തന്റെ ഷോയില്‍ വീണ്ടും ബിഷപ്പിനെ അഭിമുഖത്തിനായി ക്ഷണിച്ചു. കവറില്‍ സൂക്ഷിച്ച കോളര്‍ കഷണങ്ങളും അന്നത്തെ ശപഥവും ആന്‍ഡി മര്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ പോക്കറ്റില്‍ കരുതിയ പുത്തന്‍ ക്ലറിക്കല്‍ കോളര്‍ പുറത്തെടുത്ത് ആര്‍ച്ച്ബിഷപ പരസ്യമായി അണിഞ്ഞു.

കോളര്‍ അണിയാതെ ആരംഭിച്ച കഴിഞ്ഞ പത്തുവര്‍ഷത്തെ ഓരോ പ്രഭാതത്തിലും താന്‍ സിംബാബ്വെയിലെ ജനങ്ങളെ ഓര്‍മിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തതായി ആര്‍ച്ച്ബിഷപ് വെളിപ്പെടുത്തി. പലതരത്തില്‍ വിഭജിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത സിംബാബ്വെയിലെ ജനങ്ങളെ രക്ഷിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ലെന്നും സമൂലമായ മാറ്റത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ അവിടെ സംഭവിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് താന്‍ മുറിച്ച് എറിഞ്ഞ കോളര്‍ ഭദ്രമായി സൂക്ഷിച്ച ടെലിവിഷന്‍ അവതാരകന്‍ ആന്‍ഡി മറിനെ വിശ്വസ്തനായ സുഹൃത്തായി വിശേഷിപ്പിച്ചാണ് അദ്ദേഹം സ്റ്റുഡിയോയില്‍നിന്നു മടങ്ങിയത്.