ഇരുപത് രൂപ മോഷ്ടിച്ച കേസില്‍ 41 വര്‍ഷത്തിനു ശേഷം മോചനം

20 രൂപ മോഷ്ടിച്ച കേസില്‍ 41 വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധത്തിന് ഒടുവില്‍ മോചിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇസ്മായില്‍ ഖാന്‍ എന്ന 68- കാരന്‍.

ഗ്വാളിയോറിലാണ് സംഭവം. 1978ല്‍ ബസ് ടിക്കറ്റ് എടുക്കാനായി ക്യൂവിലായിരുന്ന ബാബുലാല്‍ എന്നയാളുടെ പക്കലില്‍ നിന്നും ഇസ്മായില്‍ ഖാന്‍ 20 രൂപ മോഷ്ടിച്ചു എന്നായിരുന്നു കേസ്. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഖാന്‍ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും അന്ന് മുതല്‍ കോടതിയില്‍ കേസിന്റെ ഹിയറിങ്ങിനായി ഇദ്ദേഹത്തെ വിളിപ്പിച്ചു കൊണ്ടേയിരുന്നു.

എന്നാല്‍ 2004 മുതല്‍ കോടതിയില്‍ പോക്ക് നിര്‍ത്തിയ ഇസ്മായില്‍ ഖാനെ 2019- ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് മാസത്തെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മോഷണക്കേസില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.