കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ 'അഫ്ഗാനിസ്ഥാൻ പരാമർശം' അനാവശ്യവും നിരുത്തരവാദപരവും: അഫ്ഗാൻ നയതന്ത്രജ്ഞ റോയ റഹമാനി

അഫ്ഗാനിസ്ഥാനിൽ നടന്നു കൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളുമായി കശ്മീരിലെ സ്ഥിതിയെ ബന്ധിപ്പിച്ച പാകിസ്ഥാന്റെ അഭിപ്രായം അശ്രദ്ധവും അനാവശ്യവും നിരുത്തരവാദപരവുമാണെന്ന് അഫ്ഗാൻ ഉന്നത നയതന്ത്രജ്ഞ റോയ റഹമാനി പറഞ്ഞു.

കശ്മീരിൽ തുടരുന്ന സംഘർഷങ്ങൾ അഫ്ഗാനിസ്ഥാന്റെ സമാധാന പ്രക്രിയയെ ബാധിച്ചേക്കുമെന്ന് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർ ആസാദ് മജീദ് ഖാൻ നടത്തിയ വാദത്തെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ ശക്തമായി ചോദ്യം ചെയ്യുന്നു, യു.എസിലെ അഫ്ഗാൻ അംബാസഡർ റോയ റഹമാനി ഞായറാഴ്ച പറഞ്ഞു.

“കശ്മീരിലെ സാഹചര്യത്തെ അഫ്ഗാൻ സമാധാന ശ്രമങ്ങളുമായി ബന്ധിപ്പിക്കുന്ന അത്തരം പ്രസ്താവനകൾ അശ്രദ്ധവും അനാവശ്യവും നിരുത്തരവാദപരവുമാണ്,” അഫ്ഗാൻ ഉന്നത നയതന്ത്രജ്ഞ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണ് കശ്മീർ എന്നും കശ്മീർ പ്രശ്‌നവുമായി അഫ്ഗാനിസ്ഥാനെ ബന്ധിപ്പിക്കാനുള്ള പാകിസ്ഥാന്റെ ചേതോവികാരം അഫ്ഗാൻ മണ്ണിൽ നടക്കുന്ന അക്രമങ്ങൾ നീട്ടാനുള്ള മനഃപൂർവമായ ശ്രമമാണെന്ന് തങ്ങളുടെ രാജ്യം വിശ്വസിക്കുന്നു എന്നും അഫ്ഗാൻ ഉന്നത നയതന്ത്രജ്ഞ അഭിപ്രായപ്പെട്ടു.

താലിബാനെതിരായ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാനും തീവ്രവാദ സംഘടനകൾക്കെതിരെ നിർണായക നിലപാട് സ്വീകരിക്കാതിരിക്കാനും പാകിസ്ഥാൻ ഉപയോഗിക്കുന്ന മോശം ന്യായീകരണമാണിതെന്നും അവർ പറഞ്ഞു.

കശ്മീർ പ്രശ്‌നം, അഫ്ഗാനിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് ഇന്ത്യയുമായുള്ള കിഴക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ മാറ്റാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുമെന്ന് പാകിസ്ഥാൻ അംബാസഡർ നടത്തിയ വാദം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്, അഫ്ഗാനിസ്ഥാൻ പാകിസ്ഥാന് ഭീഷണി ഉയർത്തുന്നുവെന്ന തെറ്റായ സൂചനയാണ് ഇത് നൽകുന്നത്. പാകിസ്ഥാന് അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ഭീഷണിയുമില്ല. പതിനായിരക്കണക്കിന് സൈനികരെ പടിഞ്ഞാറൻ അതിർത്തിയിൽ നിലനിർത്താൻ പാകിസ്ഥാന് വിശ്വസനീയമായ ഒരു കാരണവും ഉണ്ടെന്ന് അഫ്ഗാൻ സർക്കാർ കരുതുന്നില്ല, അവർ പറഞ്ഞു.

നേരെമറിച്ച്, അഫ്ഗാന്റെ സ്ഥിരതയെ പാകിസ്ഥാൻ ആസ്ഥാനമായുള്ള, പാകിസ്ഥാൻ അനുവദിച്ചതും പിന്തുണയ്ക്കുന്നതുമായ തീവ്രവാദ സംഘടനകൾ പതിവായി ഭീഷണിപ്പെടുത്തുന്നതായും റോയ റഹമാനി പറഞ്ഞു. ആത്മാർത്ഥവും ശക്തവുമായ ക്രമസമാധാന നടപടികൾ സ്വീകരിച്ചുകൊണ്ട് പാകിസ്ഥാൻ അധികൃതർ ഈ പ്രശ്നം പരിഹരിക്കണമെന്ന് അവർ പറഞ്ഞു.

Read more

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നിവരുമായി അടുത്തിടെ നടത്തിയ സന്ദർശനത്തിൽ എടുത്ത അനുകൂലവും ക്രിയാത്മകവുമായ ഇടപെടലിന് വിരുദ്ധമായ പ്രസ്താവനയാണ് പാകിസ്ഥാൻ അംബാസഡർ ആസാദ് മജീദ് ഖാൻ നടത്തിയതെന്ന് റഹമാനി പറഞ്ഞു.