യുദ്ധക്കെടുതിയില്‍ അഫ്ഗാനിസ്ഥാന്‍; കാബൂളില്‍ പട്ടിണി മൂലം എട്ട് അനാഥക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

 

താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്തുവരുന്നത് ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്. പടിഞ്ഞാറന്‍ കാബൂളില്‍ മാത്രം എട്ട് അനാഥ കുഞ്ഞുങ്ങള്‍ക്ക് പട്ടിണി മൂലം ദാരുണാന്ത്യമുണ്ടായെന്ന് പ്രമുഖ ഹസാര രാഷ്ട്രീയ നേതാവും മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗവുമായ ഹാജി മുഹമ്മദ് മുഹഖഖിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ടുചെയ്തു

18 മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ എട്ടു വയസുള്ള കുട്ടി വരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 24 ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ എംപി ഇക്കാര്യം ഉന്നയിച്ചത്. കുട്ടികളുടെ വീട് സന്ദര്‍ശിച്ച താന്‍ മൃതദേഹങ്ങള്‍ നേരിട്ട് കണ്ടു എന്നും മാതാപിതാക്കളില്ലാത്ത കുട്ടിയെ അയല്‍ക്കാരാണ് അടക്കം ചെയ്തതെന്നും എംപി കുറിപ്പില്‍ പറയുന്നു. അതേസമയം, താലിബാന്‍ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

ഇതിനിടെ തൊഴിലാളികള്‍ക്ക് കൂലിക്ക് പകരം ഗോതമ്പ് നല്‍കി പട്ടിണി മറികടക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് രൂപം കൊടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ 40,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചിരിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന പദ്ധതി വഴി രാജ്യത്ത് 55,000 ടണ്‍ ഗോതമ്പും കാബൂളില്‍ മാത്രം 11,600 ടണ്‍ ഗോതമ്പും വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.