ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേര്‍ മരിച്ച നിലയിൽ; കൊല്ലപ്പെട്ടത് കുടിയേറ്റക്കാര്‍

അമേരിക്കയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയ ട്രക്കിനുള്ളിൽ  46 മരിച്ച നിലയിൽ കണ്ടെത്തി. നാല് കുട്ടികൾ അടക്കം 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കയിലെ ടെക്സസിനടുത്ത് സാൻ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക് കണ്ടെത്തിയത്.

മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് സാൻ അന്റോണിയോ പ്രദേശം.നഗരത്തിന്റെ തെക്കൻ പ്രാന്ത പ്രദേശത്തുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.

അതിർത്തി കടക്കുന്നതിനിടെ പിടിച്ചിട്ട ട്രക്കിൽ കനത്ത ചൂടേറ്റാണ് ആളുകൾ മരിച്ചതെന്നും വിലയിരുത്തലുകളുണ്ട്. മൂന്ന് വ്യക്തികളെ സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തെന്നും എന്നാൽ, അവർക്ക് സംഭവവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

39.4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ സാൻ അന്റോണിയോയിൽ രേഖപ്പെടുത്തിയ താപനില. കൊല്ലപ്പെട്ടവരുടെ രാജ്യങ്ങൾ ഇതുവരെ വ്യക്തമല്ലെന്നും,  അന്വേഷണം ഫെഡറൽ ഏജന്റുമാർക്ക് കൈമാറിയെന്നും അധികൃതർ പറഞ്ഞു.