സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് മറിച്ചു വിറ്റു; ഇമ്രാന്‍ ഖാന് എതിരെ അന്വേഷണം

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണവുമായി പാകിസ്ഥാനിലെ അന്വേഷണ ഏജന്‍സി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഉപഹാരമായി ലഭിച്ച വിലപിടിപ്പുള്ള ആഭരണം മറിച്ചു വിറ്റുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.

18 കോടി രൂപവിലമതിക്കുന്ന നെക്ലേസാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഇത് രാജ്യത്തെ സര്‍ക്കാരിന്റെ സമ്മാന ശേഖരമായ ഖാന്‍ തോഷ-ഖാനയിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ നെക്ലേസ് മുന്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് സുള്‍ഫിക്കര്‍ ബുഖാരിക്ക് നല്‍കുകയും അദ്ദേഹം ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയും ചെയ്തുവെന്നാണ് ആരോപണം. എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരത്തില്‍ ലഭിക്കുന്ന മാലകള്‍ രാജ്യത്തെ സമ്മാന ശേഖരത്തില്‍ നിക്ഷേപിക്കണം അല്ലെങ്കില്‍ അതിന്റെ പകുതി വില നല്‍കി വ്യക്തിപരമായി സൂക്ഷിക്കാമെന്നും ചട്ടമുണ്ട്. പക്ഷെ ഇമ്രാന്‍ ഖാന്‍ ഇതൊന്നും പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് അവിശ്വാസ പ്രമേയവോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന് പരാജയപ്പെട്ട് അധികാരത്തില്‍ നിന്ന് പുറത്തായത്. ആദ്യം അവിശ്വാസ പ്രമേയവോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ച് അസംബ്ലി പിരിച്ചുവിട്ടെങ്കിലും പിന്നീട് സുപ്രീംകോടതി വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. ഇമ്രാന്‍ ഖാന്‍ പുറത്തായതോടെ ഷഹബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു.