ഇരുപതാണ്ടിനു ശേഷം അമേരിക്കൻ സൈന്യം അഫ്ഗാൻ വിടുന്നു

വരുന്ന സെപ്റ്റംബർ 11 ഓടെ അഫ്‌ഗാനിൽ നിന്നും യുഎസ് സൈന്യത്തെ പൂർണമായി മടക്കി വിളിക്കുമെന്ന് പ്രസിഡണ്ട് ബൈഡൻ പ്രഖ്യാപിച്ചു. “അഫ്‌ഗാനിൽ സൈന്യത്തെ നിലനിർത്തേണ്ടി വരുന്ന നാലാമത്തെ പ്രസിഡന്റാണ് ഞാൻ. അഞ്ചാമത് ഒരാളെ ആ ഭാരമേല്പിക്കാൻ തയ്യാറല്ല. ബിൻ ലാദന്റെ അന്ത്യത്തിനു ശേഷമുള്ള ഓരോ ദിവസവും നമ്മുടെ സൈന്യത്തിന് അവിടെയുള്ള പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.”പ്രസിഡന്റ് പറഞ്ഞു.

2001 സെപ്റ്റംബർ 11 ന് ഭീകരസംഘടനയായ അൽ-ഖ്വൈദ അമേരിക്കയിലെ  ഇരട്ടഗോപുരങ്ങൾ തകർത്തതിനെ തുടർന്നുള്ള സൈനിക നടപടികളിൽ താലിബാനെ പുറത്താക്കിയതിനു ശേഷവും  അവരുടെ സൈനിക സാന്നിദ്ധ്യം അഫ്‌ഗാനിൽ നിലനിൽക്കുന്നത്.

“കർക്കശ നിലപാടുകൾ പുനഃപരിശോധിച്ച പ്രസിഡന്റ് സൈന്യത്തെ പിൻവലിക്കാനും കഴിഞ്ഞ 20 കൊല്ലമായി തുടരുന്ന സൈന്യത്തിന്റെ അഫ്‌ഗാൻ സാന്നിദ്ധ്യം അവസാനിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു.” ഒരു സീനിയർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സേനാപിന്മാറ്റത്തിന്  മുൻ അമേരിക്കൻ  പ്രസിഡന്റായ ഡൊണൾഡ് ട്രംപിനു നൽകിയ അന്ത്യശാസനമായ  മെയ് 1-ന്  ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനം.  2001 -ൽ അമേരിക്കൻ സേനയാൽ പുറത്താക്കപ്പെട്ട താലിബാൻ പിന്നീട് ചർച്ചകൾക്കൊന്നും തയ്യാറായിരുന്നില്ല.  ശരിയായ സമയത്ത് തങ്ങൾ അഫ്ഘാൻ വിടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബർഗ്ഗും ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

തുർക്കിഷ് നഗരമായ ഇസ്താംബുളിൽ അഫ്‌ഗാൻ പ്രശ്നം ചർച്ച ചെയ്യാനായി ഏപ്രിൽ 24 നു തുടങ്ങാനിരിക്കുന്ന 10 ദിവസത്തെ സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. യു എന്നും ഖത്തറും കൂടി ഉൾപ്പെടുന്ന ചർച്ചയെ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് വ്യക്തതയില്ല. ട്രംപ് സമ്മതിച്ചിരുന്ന മെയ് 1 ൽ നിന്നും പിന്മാറ്റത്തിനായി  നാലുമാസം വൈകുന്നു എന്നുള്ളത് താലിബാൻ എപ്രകാരത്തിൽ പ്രതികരിക്കും എന്നതിലും ആശങ്കയുണ്ട്.

Read more

ഗവണ്മെന്റുമായി  താലിബാൻ സമാധാന ചർച്ചകളൊന്നും   നടത്തുന്നില്ലാത്ത ഈ സാഹചര്യത്തിൽ  യു എസ്സിന്റെ നിരുപാധിക പിന്മാറ്റം അഫ്ഗാൻ ഗവണ്മെന്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഉപാധികളില്ലാത്ത സ്ഥിതിക്ക് താലിബാൻ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചേക്കാമെന്ന് സ്വാഭാവികമായും പലരും കരുതുന്നു. യു എസിൽ നിന്നും തീരുമാനത്തിനെതിരായ ശബ്ദങ്ങൾ ഉയരുന്നുണ്ട്. യു എസ് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത് അഫ്‌ഗാൻ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കപ്പെടുമെന്നാണ്. ജനങ്ങളിലും ഇതേ ഭയം അങ്കുരിക്കുന്നുണ്ട്. പെൺകുട്ടികളെ മതാതീത വിഷയങ്ങളിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് താലിബാൻ കടുത്ത എതിരായിരുന്നെങ്കിലും അടുത്ത കാലത്ത് അവരുടെ നിയന്ത്രണമേഖലകളിൽ പിടിച്ചെടുത്ത സ്കൂളുകളിൽ വിദ്യാഭ്യാസം കൊടുക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും ഉയർന്ന വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെൺകുട്ടികൾ കടുത്ത ആശങ്കയിലാണ്.