യുവതിയുടെ ആത്മഹത്യ ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം പോയതിന്റെ വിഷമത്തില്‍

കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ്. ഡിസംബര്‍ 12-ന് ആണ് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പണം തീര്‍ത്തും നഷ്ടമായത് ഓണ്‍ലൈന്‍ റമ്മിയിലൂടെയാണെന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച് ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ക്ക് ഇവരുടെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് അന്വേഷണ സംഘം സമീപിച്ചിരിക്കുകയാണ്. എന്നാലിതുവരെ ലഭിച്ചില്ല. പലരോടും പണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പണം വാങ്ങിയിരുന്നു. എല്ലാം പിടിവിട്ടുപോയ സാഹചര്യത്തിലായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്.ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യു.പി.ഐ ആപ്പുകള്‍ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.
ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പണം എന്തിന് ചെലവഴിച്ചതെന്നതിനെ കുറിച്ച് തുടക്കത്തില്‍ ആര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍, പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കാര്യങ്ങള്‍ ക്ക് വ്യക്തത വന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പണത്തിന്റെ ഇടപാടുകളെല്ലാം ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയാണെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു ബി.എഡ് ബിരുദധാരിയായ ബിജിഷ.

Read more

ഡിസംബര്‍ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്ന ശേഷമാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിക്കുന്നത്. യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നും ഇതില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് ബാങ്കിലെത്തി പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.