
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിമത ബി.ജെ.പി നേതാവായ ശത്രുഘ്നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയായി വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റിലായിരിക്കും സിന്‍ഹ മത്സരിക്കുകയെന്നും ബി.എസ്.പി.യും കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ സിന്‍ഹയെ പിന്തുണയ്ക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയിലെ മോദി-അമിത് ഷാ അച്ചുതണ്ടിനെതിരെയും സര്‍ക്കാരിന്റെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെയും നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സിന്‍ഹയെ പാര്‍ട്ടി അവഗണിക്കുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ ബോളിവുഡ് താരം കൂടിയായ സിന്‍ഹ ബി.ജെ.പി വിടുമെന്നും, സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് കണക്കുകൂട്ടുന്നത്. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരില്‍ ശത്രുഘ്നന്‍ സിന്‍ഹക്ക് ഉള്ള സ്വാധീനവും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്കെതിരെ ഒരുമിച്ച് നില്ക്കാന് തയ്യാറെടുക്കുന്ന പ്രതിപക്ഷം കരുതുന്നു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 2014-ല്‍ വാരണാസി സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയ എ.എ.പിയുടെ പിന്തുണ തേടാനും എസ്.പി ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ലക്നൗവില്‍ സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.