ബോളറുമാരുടെ ദൗർബല്യം മനസിലാക്കി ബാറ്റ് ചെയ്യാൻ സഞ്ജു ശ്രമിക്കണം

ഈ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും സന്തുലിതമായ ടീം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ പറയാം-രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും രാജസ്ഥാന്റെ മികവിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല. ഈ വർഷത്തെ ടി20 ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനത്തിനായി മികച്ച മത്സരം നടത്തുന്ന സഞ്ജു സാംസനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

“സഞ്ജു സാംസൺ ബാറ്റിംഗിൽ കുറച്ച് കാര്യങ്ങൾ കൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. പോയ സീസണുകൾ നോക്കുമ്പോൾ അതിനേക്കാൾ ഒരു ശാന്തത അവനിൽ കാണുന്നുണ്ട്. ക്രീസിൽ എത്തിയാൽ ഉടനെയുള്ള വമ്പനടികളെക്കാൾ ഇപ്പോൾ കൂടുതൽ പക്വതയോടെ കളിക്കാൻ അവന് സാധിക്കുന്നുണ്ട്.കൂടുതൽ സ്ഥിരതയോടെ മുന്നേറാൻ സഹായിക്കുന്ന ഒരു ടീം അവന് ഇതവണയുണ്ട്. ബാറ്റ് ചെയ്യാൻ വരുന്നതിന് മുമ്പ് എതിരാളിയെ നന്നായി പഠിക്കണം ഒരോ ബൗളറുടെയും ഏതൊക്കെ പന്തുകൾ ആക്രമിക്കണം ഏതൊക്കെ ക്ഷമയോടെ നേരിടണം എന്നും പഠിക്കണം. ഇവിടെയാണ് കോഹ്‌ലി വിജയിച്ചത്. കൂടുതൽ പക്വതയും അച്ചടക്കവും നിയന്ത്രണവും ഉള്ളതിനാൽ കോഹ്ലിക്ക് വലിയ സ്‌കോറുകൾ കണ്ടെത്താൻ ആയത് . സഞ്ജുവിനും ഇത് തന്റെ ഗെയിമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വലിയ സ്കോറുകൾ നേടാൻ ആകും”. രവി ശാസ്ത്രി പറഞ്ഞു.

മികച്ച ടീമിനെ കിട്ടിയതിനാൽ ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാനെ തൃപ്തിപ്പെടുത്തില്ല. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ടീമുകളിൽ ഒന്നായ രാജസ്ഥാന്റെ പ്രധാന ആയുധം സ്പിന്നറുമാരായ ചഹൽ -അശ്വിൻ സഖ്യമാണ്.