പഞ്ചാബ്: എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി; 65 സീറ്റിൽ ബി.ജെ.പി, 37 -ൽ പിഎൽസി

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. ആകെയുള്ള 117 സീറ്റിൽ 65 ഇടത്ത് ബിജെപി മത്സരിക്കും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലാണു ജനവിധി തേടുക. ശിരോമണി അകാലിദൾ (ധിൻസ) 15 സീറ്റിലും ജനവിധി തേടും.

പഞ്ചാബിന്റെ സുരക്ഷയും വളർച്ചയുമാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രതികരിച്ചു. ഭരണമാറ്റമല്ല, ഭാവിയ്ക്കായുള്ള സുരക്ഷയും സ്ഥിരതയുമാണു ലക്ഷ്യമെന്നും നഡ്ഡ പറഞ്ഞു. പഞ്ചാബിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ നൽകണം. സുരക്ഷയെന്നതു വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഈ തിരഞ്ഞെടുപ്പെന്നതു സ്ഥിരതയ്ക്കും സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്,നഡ്ഡ കൂട്ടിച്ചേർത്തു

Read more

പഞ്ചാബിനെ തിരികെ ട്രാക്കിലെത്തിക്കുകയെന്നതാണ് എൻഡിഎയുടെ ലക്ഷ്യം. 1984ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറ്റവാളികൾ ഇപ്പോൾ ജയിലിലാണ്. പഞ്ചാബിലെ മാഫിയ രാജ് ഭരണം ഞങ്ങൾ അവസാനിപ്പിക്കും–ജെ.പി. നഡ്ഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.