എല്ലാം പഴയപടി തന്നെ; ആയിരങ്ങൾ പങ്കെടുക്കുന്ന റാലികൾ, മാസ്ക്കും സാമൂഹിക അകലവുമില്ല, കോവിഡ് കാലത്തെ ബിഹാർ തിരഞ്ഞെടുപ്പ്

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം പുരോ​ഗമിക്കുമ്പോൾ എല്ലാം പഴയപടി തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എല്ലാ കോവിഡ് മാർ​ഗനിർദ്ദേശങ്ങളും രാഷ്ട്രീയ പാർട്ടികൾ കാറ്റിൽ പറത്തുകയാണ്.

ചൊവ്വാഴ്ച കെയ്മൂർ ജില്ലയിൽ ഉപമുഖ്യമന്ത്രി സുശീലൽ കുമാർ മോദിയുടെ പ്രസം​ഗം കേൾക്കാനായി 20,000-ത്തിലധികം പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്. മാസ്ക്ക് പോലും ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ കൂടി നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്.

പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുകയും എല്ലാവരും മാസ്ക് ധരിക്കുകയും വേണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പെങ്കിലും എല്ലാം പഴയപടി തന്നെയെന്ന് സുശീൽ കുമാർ മോദിയും സമ്മതിക്കുന്നു. “എന്റെ പൊതുയോ​ഗങ്ങളിൽ അണികൾ ഒത്തുകൂടും. ആരോടും വരരുതെന്ന് എങ്ങനെ ഞാൻ ആവശ്യപ്പെടും”- എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വൈശാലി ജില്ലയിൽ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പങ്കെടുത്ത പൊതുയോ​ഗത്തിലും വൻ ജനക്കൂട്ടമാണ് എത്തിയത്. ഇവരിൽ ഭൂരിഭാ​ഗവും മാസ്ക് ധരിക്കാത്തവരായിരുന്നു.

ബി.ജെ.പി മാത്രമല്ല എല്ലാ രാഷ്ട്രീയപാർട്ടികളും ഈ മാർ​ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച നാല് സ്ഥനങ്ങളിലാണ് പൊതുയോ​ഗങ്ങൾ നടത്തിയത്. ഇവിടങ്ങളിലെല്ലാം പാർട്ടി പ്രവർത്തകർ മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പരിപാടിയിൽ പങ്കെടുത്തത്. ‌

നാമനിർദ്ദേശം സമർപ്പിക്കൽ മുതൽ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്നു

നാമനിർദ്ദേശം സമർപ്പിക്കലിൽ പോലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. രാഷ്ട്രിയ ജനതാദൾ (ആർ‌ജെ‌ഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നാമനിർദ്ദേശം സമർപ്പിക്കാനായി എത്തിയത് സഹോദരൻ തേജ് പ്രതാപ് യാദവിന്റെയും മുതിർന്ന പാർട്ടി നേതാക്കൾക്കുമൊപ്പമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശം അനുസരിച്ച് വെറും രണ്ടു പേർ മാത്രമാണ് റിട്ടേണിം​ഗ് ഓഫീസറുടെ ഓഫീസിലേക്ക് പ്രവേശിച്ചത്. എന്നാൽ ഓഫീസിന് പുറത്ത് അണികൾ തടിച്ച് കൂടി. തേജസ്വി യാദവ് തന്റെ വാഹനത്തിൽ നിന്ന് അവരെ അഭിവാദ്യം ചെയ്യുമ്പോഴും തടിച്ച് കൂടി നിന്നവരാരും മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

അണികളോട് വരരുതെന്ന് ആവശ്യപ്പെടുന്നത് അസാദ്ധ്യമാണ് എന്നാണ് മുതിർന്ന ആർ‌ജെ‌ഡി നേതാവ് അബ്ദുൽ ബാരി സിദ്ദിഖി പറയുന്നത്. രാഷ്ട്രീയ പ്രചാരണത്തിനായി ​ഗ്രാമങ്ങളിലും വീടുതോറും പ്രചാരണം നടത്തുമ്പോൾ നൂറിലധികം ആളുകൾ തന്നോടൊപ്പം ഉണ്ടാവുമെന്നും തന്റെ വോട്ടർമാരോട് കൂടെ വരരുത് എന്ന് ആവശ്യപ്പെടാൻ തനിക്ക് കഴിയില്ല എന്നുമാണ് ബി.ജെ.പി സ്ഥാനാർത്ഥി ജ്ഞാനേന്ദ്ര സിംഗ് പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശം അനുസരിച്ച് വീടുകയറിയുള്ള പ്രചാരണ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം നാല് പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. എന്നാൽ കോവിഡ് മാർഗനിർദ്ദേശങ്ങളെ കുറിച്ച് ഞാൻ എന്തിന് ആകുലപ്പെടണം ഭരണകൂടം അത് ചെയ്യട്ടെ എന്നാണ് ആർ.ജെ.ഡി സ്ഥാനാർത്ഥി ബിരേന്ദർ യാദവ് പ്രതികരിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്ക് കോവിഡ് മാർഗനിർദ്ദേശങ്ങളെ കുറിച്ച് വിശദീകരിക്കാൻ സമയമെടുക്കുമെന്നാണ് ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് അറിയിച്ചത്. മാർ​ഗനിർദ്ദേശങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഡീഷണൽ സിഇഒ സഞ്ജയ് സിംഗ് പറഞ്ഞു.

ഒരു കോവിഡ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്; ജില്ലാ മജിസ്ട്രേറ്റ്

കോവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരു കോവിഡ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് വൈശാലി ജില്ലാ മജിസ്ട്രേറ്റ് ഉദിത സിം​ഗ് പറഞ്ഞു. സാമൂഹിക അകലം, മാർക്ക് ധരിക്കൽ, ശുചിത്വം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ബ്ലോക്ക് തലത്തിൽ നിർദ്ദേശം നൽകി കഴിഞ്ഞു.

ഇവ ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. എല്ലാ ജില്ലാ ഭരണാധികാരികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദ്ദേശം അനുസരിച്ച് നടപടികൾ സ്വീകരിച്ചാൽ കോവിഡ് വ്യാപനമില്ലാതെ നല്ല രീതിയിൽ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഞാൻ വിശ്വസിക്കുന്നെന്ന് അവർ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകിയതായി പട്ന ഡിവിഷണൽ കമ്മീഷണർ സഞ്ജയ് അഗർവാൾ പറഞ്ഞു. ബുധനാഴ്ച മൊകാമയിൽ മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ എൻ.ഡി.എ കോവിഡ് മഹാമാരി മുന്നിൽ കണ്ട് വെർച്വൽ റാലികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ജൂൺ 7-ന് മെ​ഗാ വെർച്വൽ റാലി സംസ്ഥാത്ത് നടത്തി.

എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സർവകക്ഷി യോ​ഗത്തിൽ എല്ലാവരും നേരിട്ടുള്ള പ്രചാരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കർശന നിയന്ത്രണങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾക്ക് അനുമതി നൽക്കുകയായിരുന്നു.

ഇതോടെ ഉപമുഖ്യമന്ത്രി സശീൽ മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുതലും പ്രചാരണ റാലികൾ ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഒരു ഡസനോളം സംയുക്ത റാലികൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നടക്കും.

ആർ‌ജെഡിയുടെ തേജശ്വി യാദവിന്റെ പ്രചാരണം ഉടൻ തന്നെ ആരംഭിക്കും. കോൺഗ്രസിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡോ. മൻ‌മോഹൻ സിംഗ്, ശത്രുഘൺ സിൻ‌ഹ എന്നിവരും തിരഞ്ഞെടുപ്പ് രം​ഗത്ത് സജീവമാകും. ഇവിടെയെല്ലാം വലിയ ജനക്കൂട്ടം ഉണ്ടാവുമെന്നതിൽ സംശയമില്ല.

 

‍(ദിപക് മിശ്ര ദി പ്രിന്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര ആവിഷ്കാരം)