തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ.എം; 'കുട്ടനാട് വിട്ടുനല്‍കിയത് മണ്ടത്തരം; സീറ്റ് പിടിച്ചെടുക്കണം'

തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് ഏറ്റെടുക്കുമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സി.പി.എം മത്സരിച്ചിരുന്ന സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാട്. എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കു പദവി രാജിവയ്‌ക്കേണ്ടിവന്നത്. പക്ഷേ വിവാദത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ആയിരുന്നു സിപിഎം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് വലിയ ഇടിവാണ് വിവാദം ഉണ്ടാക്കിയത്. കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

കായല്‍ കൈയേറ്റ വിവാദം ഉണ്ടായിട്ടും മന്ത്രിപദത്തില്‍ കടിച്ചുതൂങ്ങാനാണ് തോമസ് ചാണ്ടി ശ്രമിച്ചത്. ഇതു സര്‍ക്കാരിന് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയെന്ന് സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടുക്കി, കൊല്ലം ജില്ലാ സമ്മേളനങ്ങളിലാണ് തോമസ് ചാണ്ടിക്കെതിരെ രക്ഷ വിമര്‍ശനം ഉയര്‍ന്നത്.