എം. ലിജുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ മുരളീധരന്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറികള്‍

 

എം ലിജുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെ മുരളീധരന്‍ രംഗത്ത് വന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലായി. എം ലിജുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും ആഗ്രഹം ലിജുവിനെ തന്നെ രാജ്യസഭയിലേക്ക് വിടണമെന്നാണ്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പുകളില്‍ നിരന്തരം തോല്‍ക്കുന്നവരെ രാജ്യസഭയിലേക്ക് വിടരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചത്.

ഹൈക്കാമന്‍ഡിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ശ്രീനിവാസന്‍ കൃഷ്ണന്‍ കെ കരുണാകരന്റെ പഴയ ഒ എസ് ഡിയും കരുണാകരന്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമാണ്. അതോടൊപ്പം തന്നെ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ വിശ്വസ്തനുമാണ്. ലിജുവിനെ എതിര്‍ക്കുന്നതിലൂടെ രണ്ട് ഉദ്ദേശങ്ങളാണ് കെ മുരളീധരനുള്ളത്. ഒന്ന് തന്റ കുടംബസുഹൃത്തിനെ രാജ്യസഭയിലെത്തിക്കാം, രണ്ട് അതുവഴി നെഹ്‌റു കുടുംബവുമായി മുറിഞ്ഞു പോയ പഴയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാം.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും തന്നെ ശ്രീനിവാസന്‍ കൃഷ്ണനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നതിനെതിരാണ്. കെ വി തോമസോ പി ജെ കുര്യനോ ആയാലും കുഴപ്പമില്ല ഈ ശ്രീനിവാസന്‍ വേണ്ട എന്ന നിലപാടാണ് കേരളത്തിലെ നേതാക്കള്‍ക്കുമുള്ളത് . എന്നാല്‍ കേന്ദ്ര നേതൃത്വമാകട്ടെ ഇത്തരം കാര്യങ്ങളില്‍ അവസാന വാക്ക് തങ്ങളുടേതാണെന്ന് ഉറപ്പിച്ച് പറയുന്നു. ആകെ തകര്‍ന്ന് കിടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ വീണ്ടും അഗാധഗര്‍ത്തത്തിലേക്ക് തള്ളിവിടാനേ ഇത്തരം നടപടികള്‍ കൊണ്ടു ഉതകൂ എന്ന കാര്യത്തില്‍ എല്ലാ നേതാക്കള്‍ക്കും ഒരേ മനസാണ്.

എം ലിജു ഈഴവ സമുദായത്തില്‍ പെടുന്നയാളാണ്. ഈ സമുദായം ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണമായും അകന്നിരിക്കുകയാണ്. ലിജുവിനെ പോലെ ഒരു യുവ നേതാവിനെ രാജ്യസഭാ സീറ്റില്‍ നിന്നൊഴിവാക്കുന്നതോടെ ഈ സമുദായം എന്നേന്നെക്കുമായി കോണ്‍ഗ്രസില്‍ നിന്നകലുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും കരുതുന്നത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരമാക്കാനേ ഉതകുകയുള്ളുവെന്നാണ് കരുതപ്പെടുന്നത്്.