രജനികാന്ത് 26 ന് ആരാധകരെ കാണുന്നു; രാഷ്ട്രീയ പ്രവേശത്തിനെന്ന് അഭ്യൂഹം

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” പരിപാടിയുടെ ഭാഗമായി തന്റെ ആരാധകരെ കാണുന്നു. 26ന് തുടങ്ങി ന്യൂയര്‍ വരെ കൂടിക്കാഴ്ച. നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചതാണ് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” എന്ന പരിപാടി. തമിഴ്‌നാട്ടിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ രജനീകാന്തിനെ കാണാനെത്തും.

ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമായവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കും രജനീകാന്തിനൊപ്പം ചിത്രങ്ങളെടുക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ആരാധകരെ കാണുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഉലകനായകന്‍ കമല്‍ഹാസന്‍ ഇതിനോടകം തന്നെ തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

തമിഴ്നാട്ടില്‍ രജനീകാന്ത് രാഷ്ട്രീയ ശക്തിയായി വരുമോയെന്ന കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് അടുത്ത സുഹൃത്ത് തമിലരുവി മന്നന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
“”ക്രിസ്തുമസ് കഴിഞ്ഞ് 26 നും 31 നും ഇടയില്‍ ഏത് ദിവസവും പ്രഖ്യാപനമുണ്ടാകും. ഇതിന് ശേഷം ഇതേക്കുറിച്ച് യാതൊരു സംശയങ്ങളും ബാക്കിവയ്ക്കാത്ത വിധം തന്റെ രാഷ്ട്രീയത്തിലെ പ്ലാനുകളെക്കുറിച്ചും ദിശയെ കുറിച്ചും രജനീകാന്ത് വ്യക്തമാക്കുമെന്നും”” തമിലരുവി മന്നന്‍ പറഞ്ഞിരുന്നു.