ഹണി ട്രാപ്പ് മുതല്‍ ഓഖി വരെ: 2017ല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദങ്ങള്‍

2017 കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തിയ വര്‍ഷമായിരുന്നു. പ്രബലമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൃത്യമായ ഇടവേളകളില്‍ തിരിച്ചടികള്‍ നേരിട്ട വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ രാജിവച്ചത് എല്‍ഡിഎഫ് തിരിച്ചടിയായപ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ സോളാര്‍ കേസില്‍ കുടുങ്ങി നാണം കെട്ടു. കേരളം പിടിക്കാനിറങ്ങിയ ബിജെപിക്കാര്‍ മെഡിക്കല്‍ കോഴ അഴിമതിയില്‍ മുങ്ങിയതും ഈ വര്‍ഷമാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രധാന സംഭവങ്ങള്‍ ഇതാണ്.

ഹണിട്രാപ്പ്: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി

യുവതിയുമായി ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. മംഗളം ചാനലിന്റെ ലോഞ്ചിങ് ന്യൂസായി ബ്രേക്ക് ചെയ്ത വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി രാജി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യശസ് ഉയര്‍ത്തിപ്പിടിക്കുന്നതിനായാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതെന്നായിരുന്നു എ.കെ ശശീന്ദ്രന്റെ ന്യായീകരണം. പിണറായി സര്‍ക്കാരിലെ രണ്ടാമത്തെ രാജിയായിരുന്നു ഇത്. വിവാദത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗളം ടെലിവിഷന്‍ നടത്തിയ ഹണിട്രാപ്പില്‍ മന്ത്രി കുടുങ്ങുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവം വിവാദമായതോടെ മന്ത്രി മന്ദിരത്തില്‍ വെച്ച് ശശീന്ദ്രന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി കോടതി മൊഴി നല്‍കി. ഇദേഹത്തിനെതിരെയുള്ള കേസ് ഇപ്പോഴും തുടരുകയാണ്. ഇതിനാലാണ് എന്‍സിപിയുടെ ഒഴിവുള്ള മന്ത്രി സ്ഥാനത്തേക്ക് ശശീന്ദ്രന് ഇതുവരെ തിരിച്ചെത്താന്‍ സാധിക്കാത്തത്.

ബി.ജെ.പിയുടെ മെഡിക്കല്‍ കോഴ

കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയ ബി.ജെ.പിയെ വെട്ടിലാക്കിയ അഴിമതി ആരോപണമായിരുന്നു മെഡിക്കല്‍ കോഴ. മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി ഫീസായി ബിജെപി നേതാക്കള്‍ക്ക് 25 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു എസ്.ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ വെളിപ്പെടുത്തല്‍. വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് വന്നതോടെ കോഴ ആരോപണം മാധ്യമങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ എസ്.ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റിയതോടെ കേസില്‍ അന്വേഷണം നിലച്ചു.
രാഷ്ട്രീയ സമ്മര്‍ദത്തില്‍ പരാതിക്കാര്‍ തന്നെ നിലപാട് മാറ്റിയതോടെ അന്വേഷണ സംഘം നിസഹായരായി. ബിജെപി നേതാവ് വി.വി രാജേഷിനെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചതും വിവാദങ്ങള്‍ക്ക് ഇടയാക്കി.

പച്ചപുതച്ച്: മലപ്പുറവും വേങ്ങരയും

മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് ലീഗ് വിജയം ആവര്‍ത്തിച്ചപ്പോള്‍ ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി 171038 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തി. ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ഡലം നിലനിര്‍ത്തി കെ.എന്‍.എ ഖാദറും വിശ്വാസം കാത്തു. വേങ്ങരയില്‍ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ലീഗിനും യു.ഡി.എഫിനും ചോദ്യങ്ങള്‍ ബാക്കിവെക്കുന്നു. ബിജെപിയുടെ മോശം പ്രകടനവും എസ്ഡിപിഐയുടെ മുന്നേറ്റവും തെരഞ്ഞെടുപ്പ് ഫലത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കി.

എല്‍.ഡി.എഫ് വന്നു: 77 ബാറുകള്‍ തുറന്നു

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകള്‍ കൂടി തുറന്നിരുന്നു. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന, ത്രീ സ്റ്റാറിനു മുകളില്‍ പദവിയുള്ള നക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ ഇറക്കിയിരുന്നു. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവര്‍ത്തനസമയം.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി

ഹണിട്രാപ്പില്‍ രാജിവെച്ച ശശീന്ദ്രന്റെ പിന്‍ഗാമിയായി ഏപ്രില്‍ ഒന്നിന് മന്ത്രിയായി ചുമതലയേറ്റ തോമസ് ചാണ്ടിക്ക് ഏഴ് മാസം മാത്രമേ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗമുണ്ടായുള്ളൂ. കായല്‍, ഭൂമി കയ്യേറ്റ വിഷയത്തില്‍ ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചര്‍ച്ചയായിട്ടും അടവുകള്‍ പലത് പയറ്റി അക്ഷോഭ്യനായി നിന്ന തോമസ് ചാണ്ടിയെ സി.പി.ഐ.എം. സംരക്ഷിച്ചിട്ടും ഒടുവില്‍ കോടതിയുടെ രൂക്ഷമായ പരാമര്‍ശത്തില്‍ അടിതെറ്റുകയായിരുന്നു. നവംബര്‍ 15 ന് ഗത്യന്തരമില്ലാതെ ചാണ്ടി രാജിവെച്ചു. പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയായിരുന്നു ഇത്. ഏഷ്യാനെറ്റ് ന്യൂസിലെ ടിവി പ്രസാദിന്റെ വാര്‍ത്ത റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് എത്തിച്ചത്.

സോളാര്‍ റിപ്പോര്‍ട്ട്: നാണംകെട്ട് കോണ്‍ഗ്രസ്

ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസിനെയും വെട്ടിലാക്കി സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാമന്‍ വിധിയെഴുതി. കോണ്‍ഗ്രസിന്റെ എഗ്രൂപ്പിലെ ഒരു പറ്റം നേതാക്കളെയാണ് റിപ്പോര്‍ട്ട് പ്രതിരോധത്തിലാക്കിയത്. അഴിമതി ആരോപണങ്ങളില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.സോളാര്‍ വിഷയത്തില്‍ അനേ്വഷണം നടത്തിയ കമ്മിഷന്‍ നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മിഷന്‍ അന്വേഷിച്ചത്. ടീം സോളാര്‍ നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.
2013 ഒക്ടോബര്‍ 23-നാണ് ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ഏകാംഗകമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ സരിതയുമായി നടത്തിയ ഫോണ്‍രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സോളാര്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി,അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

നീലക്കുറിഞ്ഞി: മൂന്നാറില്‍ സിപിഐ-സി.പി.എം പേരാട്ടം

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങളില്‍ സി.പി.ഐ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ മന്ത്രിസഭയിലെ എം.എം മണി തന്നെ രംഗത്ത് വന്നതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റവന്യൂമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ മന്ത്രിസഭയില്‍ സിപിഐ, സി.പിഎം ചേരിതിരിവ് തന്നെ ഉണ്ടായി. ഇതേ തുടര്‍ന്നാണ് മൂന്നാറിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും നീലക്കുറിഞ്ഞി ഉദ്യാനം പുനര്‍നിര്‍ണയിക്കാനുമായി മന്ത്രിതല സമിതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിക്കുന്നത്. ഇതിനിടെ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ 28 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയതും വിവാദമായിരുന്നു.

ഓഖി: സര്‍ക്കാരിന് വിമര്‍ശനം

ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേരളവും, മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് കേന്ദ്രവും നിലപാട് എടുത്തത് വാര്‍ത്ത പ്രാധാന്യം നേടി. രക്ഷാപ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് തീരദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ദേശിയ പാത അടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി വിഴിഞ്ഞത്തെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദേഹത്തെ തീരദേശവാസികള്‍ തടഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും തോമസ് ഐസക്കിനെയും കടകംപള്ളി സുരേന്ദ്രനു നേരെയും ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറി. മരണസംഖ്യ ഉയര്‍ന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തി.