പിണറായിക്ക് ശേഷം റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ ഉന്നമെന്ന് കെ മുരളീധരൻ

കോടിയേരി ബാലകൃഷ്ണന്റെ ലക്ഷ്യം പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന് കോടിയേരി ആരോപിച്ചതിനു പിന്നാലെയാണ് മുരളീധരന്റെ മറുപടി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും ഇതുവരെ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.

‘ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട. കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്കു വർഗീയത പറയുന്നത് ശരിയല്ല.’– മുരളീധരൻ പറഞ്ഞു.

ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നുവെന്നു കോടിയേരി പറഞ്ഞിരുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞു. കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.