സി.പി.എം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതില്ല; കെ.വി തോമസിന് ഹൈക്കമാന്‍ഡിന്റെ മറുപടി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് . കെപിസിസി തീരുമാനം നേതാക്കള്‍ അംഗീകരിക്കണമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ അനുമതി തേടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സോണിയ ഗാന്ധിക്ക് വിശദമായ കത്തിന് മറുപടിയായാണ് ഹൈക്കമാന്‍ഡ് നിലപാടറിയിച്ചത്.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തരൂരും കെ.വി തോമസും സെമിനാറിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രതികരിച്ചിരുന്നു.

കെ.പി.സി.സിയുടെ നിലപാട് അനുസരിച്ച് പങ്കെടുക്കില്ല എന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും കെ വി തോമസ് സ്വീകരിച്ച നിലപാട് മറിച്ചായിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ.വി തോമസും അറിയിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ എന്തുകൊണ്ട് പങ്കെടുക്കണമെന്ന് അക്കമിട്ട് നിരത്തിയ കത്താണ് കെ വി കെവി തോമസ് നല്‍കിയിരുന്നത്. എന്നാല്‍ കെപിസിസി എന്ത് തീരുമാനമാണോ എടുക്കുന്നത് ആ തീരുമാനമാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കേണ്ടത് എന്ന തീരുമാനമാണ് നേതൃത്വം കൈകൊണ്ടത്.