പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആറു വര്‍ഷത്തെ സസ്‌പെന്‍ഷന്‍; ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയിലേക്ക്

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അദ്ധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലുള്ള ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും . ഉപാധ്യായ ഇന്ന് തന്നെ ബി.ജെ.പി അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ബുധനാഴ്ച കിഷോര്‍ ഉപാധ്യായയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. നിരവധി മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ഈ നടപടിയെന്നായിരുന്നു പാര്‍ട്ടി വിശദീകരണം.

2002ലും 2007ലും തെഹ്രി അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുന്‍ എം.എല്‍.എയായ ഉപാധ്യായ 2014 മുതല്‍ 2017 വരെ കോണ്‍ഗ്രസിന്റെ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്റായിരുന്നു. ഉത്തരാഖണ്ഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷിയെ അദ്ദേഹം ഈ മാസം ആദ്യം സംസ്ഥാന സന്ദര്‍ശനത്തിനിടെ കണ്ടിരുന്നു. ഇത് ഉപാധ്യായ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.