തോമസ് വരുന്നതില്‍ സന്തോഷം; തീരുമാനം ഇടതുപക്ഷത്തിന് ഗുണം ചെയ്യും; സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

കെ.വി.തോമസ് ഇടത് പ്രചാരണത്തിന് വരുന്നതില്‍ വളരെ സന്തോഷമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തീരുമാനം ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഉന്നതനായ നേതാവാണ്. സോണിയയ്ക്ക് പോലും ഉപദേശം നല്‍കിയിരുന്ന ആളാണ്. എല്‍ഡിഎഫ് കെ.വി. തോമസിന് ഒരു സ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അങ്ങനെ ഇടതുപക്ഷം ചെയ്യാറില്ലെന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അതിനു ശേഷം ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വികസനത്തില്‍ കേരളം മുന്നോട്ട് പോകണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തന്നെ യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ല. നേതൃത്വം ഒരു കാര്യവും തന്നോട് പറയുന്നില്ലെന്നുമാണ് കെ വി തോമസ് പറഞ്ഞിരുന്നത്.

കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെ.വി.തോമസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസുകളില്‍ ഇനി ഇടമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മെയ് 31നാണ് തിരഞ്ഞെടുപ്പ്. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.