മോദിക്ക് എതിരെ ഏതെങ്കിലും മുഖം വരേണ്ടതാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി എന്നത് അതിലളിത യുക്തി

Advertisement

 

അതുൽ. പി

ഈ ചര്‍ച്ചകളില്‍ പൊതുവായി അനുഭവപ്പെട്ട ഒരു ന്യൂനത ഏതെങ്കിലും മുഖം വന്നു പരിഹരിക്കാവുന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ എന്ന ശുഭാപ്തിവിശ്വാസം ആണ്. അങ്ങനെ പറയുന്നത് പരിഹരിക്കാനാവാത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത് എന്ന തോന്നല്‍ കൊണ്ടല്ല. മറിച്ച്, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഏതോ ഒരു മുഖം വരേണ്ടതോ , ‘നരേന്ദ്ര മോദിയെ നേരിടാന്‍’ ഏതെങ്കിലും മുഖം വരേണ്ടതോ ആണ് നിലവില്‍ നേരിടുന്ന പ്രതിസന്ധി എന്ന അതിലളിത യുക്തിയിലാണ്, ഒരുപക്ഷെ ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വഴി പ്രക്ഷേപണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന അതേ യുക്തിയിലാണ് ചര്‍ച്ച മുന്നോട്ടു പോവുന്നത് എന്ന തോന്നല്‍ കൊണ്ടാണ്.

കോണ്‍ഗ്രസ് പുനരുജ്ജീവിക്കേണ്ടത് എങ്ങനെ എന്ന മാതൃക ഉണ്ടാക്കേണ്ടത്, ഏതെങ്കിലും വിജയിച്ച പി. ആര്‍ തന്ത്രങ്ങളില്‍ നിന്നും പാഠം പഠിച്ചു കൊണ്ടല്ല. കാരണം, വിജയിച്ച പി. ആര്‍ തന്ത്രങ്ങള്‍ പോലും ശക്തമായ സംഘടനാ അടിത്തറയില്‍ നിന്നു കൊണ്ട് മാത്രം വിജയിക്കുന്നവയാണ്. പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ ചരിത്രം നോക്കിയാല്‍ മതിയാവും അത് മനസ്സിലാക്കാന്‍. അയാള്‍ നേടിയ ജയങ്ങളെല്ലാം (ആദ്യ എന്‍.ഡി.എ സര്‍ക്കാര്‍ മുതല്‍ ഒടുവില്‍, ഡല്‍ഹിയില്‍ ആപ് സര്‍ക്കാര്‍ വരെ) ശക്തമായ സംഘടനാ സംവിധാനങ്ങളുള്ള, ജയം ഉറപ്പിച്ച സംഘടനകളുടെ കൂടെയാണ്. അയാള്‍ ഏതെങ്കിലും നേതാവിനെയോ, പാര്‍ട്ടിയെയോ വിജയിപ്പിച്ചു എന്നതിനേക്കാള്‍, ജയിക്കുന്ന ടീമുകളോടൊത്ത് കളിച്ചു അയാള്‍ സ്വന്തം കരിയര്‍ ഉണ്ടാക്കി എന്നതാവും കൂടുതല്‍ ശരി.

കോണ്‍ഗ്രസ്, ആര്‍.എസ്.എസിനെയോ, സിപിഎമ്മിനെയോ, ജമാഅത് ഇസ്ലാമിയെയോ പോലെ, ആത്യന്തികമായ സത്യത്തിലേക്ക് ഏകരേഖീയമായി നീങ്ങുന്ന ഒരു കേഡര്‍ സംഘടനയല്ല. അതൊരു ബഹുജന മുന്നേറ്റമാണ്. ദേശീയതയിലും, മതേതരത്വത്തിലും, സമാധാന ജീവിതത്തിലും, ഒരു പരിധി വരെ സോഷ്യലിസത്തിലുമെല്ലാം വിശ്വസിക്കുന്ന ഒരു ബഹുജന മുന്നേറ്റം. അങ്ങനൊരു മുന്നേറ്റത്തിന് എങ്ങനെയാണ് ഇന്ത്യയില്‍ മുഴുവന്‍ സ്വാധീനമുണ്ടാക്കാനായത്? ദാദാഭായ് നവറോജിയും, തിലകനും, ഗോഖലെയുമെല്ലാം വലിയ അടിത്തറയിട്ടു എങ്കിലും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ ഇന്ത്യ തന്നെയായി മാറുന്നത് ഗാന്ധിയുടെ വരവോടെ മാത്രമാണ്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ പുസ്തകങ്ങളിലൊന്നായ, ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഗാന്ധിയുടെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള വരവിനെപ്പറ്റി വിശകലനം ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ ചാളയിലും, ചെറ്റപ്പുരകളിലും, സ്ത്രീകള്‍ പണിയെടുക്കുന്ന കല്‍ക്കരി ഖനിയിലും പോയി, തലചുറ്റലോടെ പുറത്തു വന്ന സ്വന്തം അനുഭവത്തെ കുറിച്ചും നെഹ്റു പറയുന്നുണ്ട്. ഉപരികക്ഷികള്‍ മാത്രം അംഗമായ സംഘടനയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറി. തൊഴിലാളികളെയും, കര്‍ഷകരെയും കൂട്ടിവന്ന ഗാന്ധി ‘ഇംഗ്ലീഷ് സ്പീക്കിംഗ് ഇന്ത്യന്‍ എലൈറ്റ് മിഡില്‍ ക്ലാസ്സിന്റെ ക്ലബ്’ മാത്രമെന്നു താന്‍ മുമ്പ് നിരീക്ഷിച്ച സംഘടനയെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന്റെ ചരിത്രം ആ അധ്യായത്തില്‍ നെഹ്റുവില്‍ നിന്നും വായിക്കാം. നിക്ഷിപ്ത താത്പര്യങ്ങളോടെ വന്ന ഉപരിവര്‍ഗ വിഭാഗ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും അകലുകയും ചെയ്ത കാലമാണ് അത്. പട്ടേലിന്റെ ജീവിതകഥ വായിക്കുമ്പോള്‍, ഒരുപക്ഷെ ഒന്നുകൂടി സമൂര്‍ത്തമായി ഈ കാര്യം നമുക്ക് ഗ്രഹിക്കാന്‍ സാധിക്കും.

സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള കോണ്‍ഗ്രസിനെ ഏറ്റവും നിര്‍മ്മാണത്മകമായി വിമര്‍ശിച്ചത്, ഒരുപക്ഷെ രാജീവ് ഗാന്ധിയായിരിക്കും എന്നു തോന്നുന്നു. ഒരു ബഹുജന മുന്നേറ്റം, ഒരു പാര്‍ലമെന്ററി പാര്‍ട്ടി ആയി മാറിയതോടെ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പ്രസിഡന്റ് ആയ രാജീവ് തുറന്നടിക്കുന്നുണ്ട്. ജനങ്ങളോടുള്ള ജൈവികമായ ബന്ധം നഷ്ടപ്പെട്ട ഒരു അധികാരി വര്‍ഗ്ഗമായി കോണ്‍ഗ്രസ് മാറുന്നതിന്റെയും, ജാതി-മത സ്വാധീനങ്ങള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളും, ദേശീയത കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ സൂചനകളും അദ്ദേഹം തുറന്നു കാണിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസിനെ ആഗ്രഹിക്കുന്ന വിധത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടത്ര സമയം നല്‍കാനുള്ള കാരുണ്യം ചരിത്രം അദ്ദേഹത്തോടൊ, കോണ്‍ഗ്രസിനോടോ, ഇന്ത്യയോടോ കാണിച്ചില്ല.

കോണ്‍ഗ്രസ് മാറണം എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. പക്ഷെ, അത് ഏതു ദിശയിലേക്ക് മാറാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്? പല തരം കോണ്‍ഗ്രസുകളുടെ സാദ്ധ്യതയുണ്ട്. ആക്റ്റീവ് ആയ ഒരു ഫുള്‍ടൈം പ്രസിഡന്റ് വന്നു സജീവമാക്കാന്‍ പോവുന്നത്, ഗാന്ധിക്ക് മുമ്പുണ്ടായിരുന്ന എലൈറ്റ് ഇംഗ്ലീഷ് സ്പീക്കിംഗ് മിഡില്‍ ക്ലാസ്സിന്റെ ക്ലബ് ആണോ? ആണെങ്കില്‍ നിശ്ചയമായും കോണ്‍ഗ്രസിനോടുള്ള വിമര്‍ശനങ്ങളുടെ കാഠിന്യം ലിബറല്‍ ബുദ്ധിജീവികള്‍ കുറയ്ക്കും, നേതാക്കന്മാര്‍ക്ക് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം കിട്ടും. പക്ഷെ, ജനങ്ങളുണ്ടാവില്ല, സംഘടന ഉണ്ടാവില്ല. വ്യക്തിപ്രഭാവത്തിന്റെ തിളക്കത്തിനപ്പുറം പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനമെന്ത് എന്ന ചോദ്യം ശൂന്യതയെ കണ്ടുമുട്ടും.

രാജീവ് വിമര്‍ശിച്ച പോലെ അധികാരത്തിന്റെ ഇടനാഴികളില്‍ ബന്ധമുണ്ടാക്കുന്ന ഇടനിലക്കാരുടെ കൂട്ടം നയിക്കുന്ന കോണ്‍ഗ്രസ് ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍, നിശ്ചയമായും നരേന്ദ്രമോദിയുടെ പ്രതീതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെയ്ക്കാനുള്ള ജാലവിദ്യ നഷ്ടപ്പെടുമ്പോള്‍ ഒരു സര്‍വകക്ഷി കിച്ചഡി ഉണ്ടാക്കി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നേക്കാം. മണ്ഡല്‍ -മന്ദിര്‍ രാഷ്ട്രീയ സമവാക്യങ്ങളിലൂടെ, ട്രപ്പീസ് കളിച്ചു വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസ്-വത്കരിച്ചേക്കാം. പക്ഷെ, ആ കോണ്‍ഗ്രസ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കേണ്ട. സാങ്കേതികമായി കോണ്‍ഗ്രസ് ഭരിച്ചാലും, അത് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന മുന്നേറ്റമായിരിക്കില്ല. ഗാന്ധിയോ, പട്ടേലോ, നെഹ്റുവോ ആചാരപരതയ്ക്കപ്പുറം, സംഘടനയുടെ ആത്മാവിലുണ്ടാവില്ല.

മറ്റൊരു സാദ്ധ്യതയുണ്ട്. ഒരു പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയിലുള്ള ദുര്‍മേദസുകളെ കുടഞ്ഞെറിയാനും, കര്‍ഷകരും, തൊഴിലാളികളും അടിച്ചു കയറി വരാന്‍ വേണ്ടി വാതില്‍ തുറന്നു കൊടുക്കാനും സാധിക്കുന്ന ഒരു കോണ്‍ഗ്രസ്. നീണ്ട, പ്രയാസകരമായ ഒരു വഴിയാണ് അത്. ആ വഴിയിലേക്ക് നയിക്കാന്‍ ദക്ഷിണാഫ്രിക്കയിലെ സമരാനുഭവമായി ഇന്ത്യയിലേക്ക് മോഹന്‍ദാസ് ഗാന്ധി ഇനി വണ്ടിയിറങ്ങില്ല. ട്വിറ്ററിലോ, എലൈറ്റ് ലിബറല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വരുന്ന ലേഖനങ്ങളിലൊ അതിനു പിന്തുണയും പ്രതീക്ഷിക്ക്ണ്ട. അജയ്കുമാര്‍ ലല്ലു എന്നോ, ബി. വി ശ്രീനിവാസ് എന്നോ അത്തരം മാധ്യമങ്ങള്‍ അറിയാതെ പോലും നേതാക്കളുടെ കൂട്ടത്തില്‍ പറഞ്ഞു വെയ്ക്കില്ല. കോണ്‍ഗ്രസ് എന്ന ബഹുജന മുന്നേറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസെങ്കില്‍ അജയ് കുമാര്‍ ലല്ലുവും, ബി.വി ശ്രീനിവാസുമാണ് വഴി. ലല്ലുവും ശ്രീനിവാസും നേതാവായി കാണുന്ന, ലല്ലുവിനെയും ശ്രീനിവാസിനെയും നേതാവായി കാണാന്‍ കഴിയുന്ന നേതാവാണ് നയിക്കേണ്ടി വരിക. അവര്‍ നയിക്കുന്ന ഒരു കാലത്തേക്ക് സംഘടനയെ വളര്‍ത്താനാവുന്ന നേതാവ്.

മുമ്പ് പറഞ്ഞതു പോലെ പലതരം കോണ്‍ഗ്രസുകളുടെ സാദ്ധ്യത മുമ്പിലുണ്ട്. അതില്‍ മൂന്നാമത്തെ വഴിയേ പറ്റി പി. ആര്‍ ഏജന്‍സികളോ, ലിബറല്‍ ബുദ്ധിജീവികളോ, ടെലിവിഷന്‍ അവതാരകരോ ഒരു സൂചനയും തരാന്‍ പോവുന്നില്ല. അതാണ് ആഗ്രഹിക്കുന്ന വഴിയെങ്കില്‍, അവര്‍ പറഞ്ഞു വെയ്ക്കുന്ന വഴിയേ കാണുന്ന വെളിച്ചം കണ്ടു നടത്തം തുടങ്ങേണ്ട കാര്യമില്ല.