വീണ ജോര്‍ജിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് വിമര്‍ശനം

ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍ക്കെതിരെ മത്സരിച്ച് ജയിച്ച വീണ ജോര്‍ജിനു വേണ്ടി നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന് വിമര്‍ശനം. ആറന്മുള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും പത്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം.

ഒരു തവണ എംഎല്‍എയായി. പിന്നീട് മത്സരിച്ച് തോറ്റിട്ടും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനം നല്‍കി, പാര്‍ട്ടിയില്‍ കഴിവുള്ള ഒട്ടേറെപ്പേര്‍ ഉണ്ടായിട്ടും ഇവരെ പരിഗണിക്കാതെ ഒരാളെ തന്നെ തുടര്‍ച്ചയായി പരിഗണിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി ശരിയല്ലന്നും കോന്നി മണ്ഡലം കമ്മറ്റിയില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യന്ത്രി പിണറായി വിജയനെതിരെയും സമ്മേളനത്തില്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയത് വീഴ്ച്ചയായെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. പൊലീസിനെതിരേയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പൊലിസില്‍ ഐ.പി.എസ് ഭരണമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. സമ്മേളനങ്ങളിലുട നീളമുള്ള സിപിഐക്കെതിരായ വിമര്‍ശനം ഇന്നും ആവര്‍ത്തിച്ചു.