എം എം ഹസനും ജെബി മേത്തറും ലിജുവും അടങ്ങുന്ന പുതിയ ലിസ്റ്റ് ഹൈക്കമാന്‍ഡിന്, ആന്റണിയുടെ നോമിനിയായി ഹസന്‍ വരുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയം

 

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു, എം എം ഹസന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പുതിയ ലിസ്റ്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ഏ കെ ആന്റണിയുടെ നോമിനി എന്ന നിലക്കാണ് എം എം ഹസന്റെ പേര് ലിസ്റ്റില്‍ കയറിക്കൂടിയത്. ഹസനെ രാജ്യസഭാംഗമാക്കുക എന്നതാണ് ആന്റെണിയുടെ മനസിലിരിപ്പ് സൂചനകിട്ടിയതോടെയാണ് ആ പേര് ലിസ്റ്റില്‍ ഇടം പിടിച്ചത്. ആന്റെണി ഒഴിയുന്ന സീറ്റില്‍ അദ്ദേഹം പറയുന്ന ആള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.

അത് കൊണ്ടാണ് എം എം ഹസന്റെ പേരിന് മുന്‍ തൂക്കം ലഭിച്ചത്.
എം ലിജുവിനെ രാജ്യസഭാംഗമാക്കാന്‍ കഴിയില്ലന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉറച്ച നിലപാട് എടുത്തതോടെയാണ് പേര് പ്രഖ്യാപിക്കുന്ന കാര്യം അവതാളത്തിലായത്. സുധാകരന്റെ നോമിനിയായ ലിജുവിനെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ ക സി വേണുഗോപാല്‍ മുതല്‍ കെ മുരളീധരന്‍ വരെയുള്ളവര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ യുവ നേതൃത്വം വേണമെന്ന കാര്യത്തില്‍ കെ പി സി പ്രസിഡന്‍ കെ സുധാകരന്‍ ഉറച്ച നിലപാടാണുളളത്. മാര്‍ച്ച് 21 ആണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

അവസാനം ആന്റെണി നിര്‍ദേശിച്ച ആളില്‍ ഉറയ്കുമോ അതോ ഹൈക്കമാന്‍ഡിന്റെ ആളായ ശ്രീനിവാസന്‍ കൃഷ്ണന്‍ തന്നെയായിരിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്. ഹസന് വേണ്ടി എ കെ ആന്റണി ബുദ്ധിപൂര്‍വ്വം നീങ്ങുകയാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. നിശബ്ദനായി നിന്ന് താന്‍ ഉദ്ദേശിക്കുന്നത് നേടാന്‍ ആന്റണി എക്കാലവും അസാമാന്യമായ കഴിവാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആന്റെണി മാറുന്ന സീറ്റില്‍ ഒരു യുവ നേതാവിനെ അയക്കാന്‍ അദ്ദേഹം ഒരിക്കലും താല്‍പര്യപ്പെടില്ലന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് തന്നെ ആന്റണിയുടെ മനസില്‍ രാജ്യസഭയിലേക്ക് എം എം ഹസനെപ്പോലൊരു നേതാവായിരിക്കുമെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. ലിജുവിനെ വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജെബി മേത്തറുടെ പേരും ലിസ്റ്റില്‍ ചേര്‍ത്തതെന്ന് കരുതുന്നു.