വിടി ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസ് ‘കൈ’വിട്ടു; എകെജി വിവാദം കത്തിക്കയറുന്നു

എകെജി വിരുദ്ധ പരാമര്‍ശത്തില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ കൈവിട്ട് കോണ്‍ഗ്രസ് നേതൃത്വം. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളിപറഞ്ഞിരുന്നു. ബല്‍റാമിന്റെ പരാമര്‍ശം പരിധി കടന്നു പോയെന്നും, എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞത്. എകെജി വിരുദ്ധ പരാമര്‍ശത്തില്‍ ബല്‍റാം ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ബല്‍റാമിന്റെ പരാമര്‍ശം അപ്പാടെ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സനാണ് ബല്‍റാമിനെ താക്കീതു ചെയ്തത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച നേതാവാണ് എകെജിയെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ആക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസ്താവന തെറ്റാണ്. അത് പാര്‍ട്ടി നിലപാടോ അഭിപ്രായമോ അല്ലെന്നും ഹസന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിവാദത്തില്‍ ബല്‍റാമിന്റെ പ്രതികരണം ചാനലുകള്‍ തേടിയെങ്കിലും അദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

ബല്‍റാം വിവരദോഷിയും ധിക്കാരിയുമാണെന്നാണ് ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി സമൂഹമാധ്യമത്തില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ കോണ്‍ഗ്രസ്, ബല്‍റാമിനെതിരെ എന്തു നടപടിയെടുക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് പുതിയ തലം വന്നത്. വിവാദം കത്തിക്കാളിയതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തൃത്താലയിലെ അദ്ദേഹത്തിന്റെ ഓഫിസ് ആക്രമിക്കുകയും ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്കു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നെഹ്റു കുടുംബത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മാപ്പുപറയട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കാസ് വ്യക്തമാക്കി. വി.ടി.ബല്‍റാം മാപ്പ് പറയുന്ന കാര്യം അതിന് ശേഷം ആലോചിക്കാമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നെഹ്റു കുടുംബത്തിനെതിരെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്നും ഡീന്‍. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ബല്‍റാമിനെ തള്ളിപ്പറഞ്ഞപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നതും ശ്രദ്ധേയമാണ്.