സീതാറാം യെച്ചൂരി സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; നിര്‍ണായകമായി പത്രസമ്മേളനം

Advertisement

കോണ്‍ഗ്രസ് സഹകരണം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സിപിഐഎമ്മില്‍ വന്‍ പ്രതിസന്ധി. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സിപിഐഎം ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത പോളിറ്റ് ബ്യൂറോയില്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ സെക്രട്ടിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ തുടരാന്‍ ആഗ്രഹമില്ലന്നാണ് യച്ചുരിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇതോടെ മൂന്നുമണിക്ക് യച്ചൂരി നടത്തുന്ന പത്രസമ്മേളനം നിര്‍ണായകമായിരിക്കുകയാണ്. 31 നെതിരെ 55 വോട്ടിനാണ് ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളിയത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. കേന്ദ്ര കമ്മിറ്റി അവസാനിച്ചു.

കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി ഭിന്നതയുള്ളതിനാലാണ് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന കാരാട്ടിന്റെ നിലപാടിന് മേല്‍ക്കൈ ലഭിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യെച്ചൂരിയെ പിന്തുണയ്ക്കുന്നവര്‍. സമവായമുണ്ടാക്കണമെന്നാവശ്യപ്പെട്ട യെച്ചൂരി, വോട്ടെടുപ്പ് നടന്ന് പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് പിബി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ രേഖയെ അനുകൂലിച്ചുകൊണ്ടാണ് സംസാരിച്ചത്. സാമ്പത്തിക നയങ്ങള്‍കൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക തലത്തില്‍ ധാരണകള്‍ വേണമെന്നാണ് യെച്ചൂരി അനുകൂലികള്‍ വാദിച്ചത്.