'ചൈന അനുകൂല പ്രസംഗം നടത്തിയ കൊടിയേരി രാജ്യദ്രോഹി'; പൊലീസ് മേധാവിക്ക് ബി.ജെ.പിയുടെ പരാതി

സിപിഎം സമ്മേളനത്തില്‍ ചൈന അനുകൂല പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രിസിഡന്റ് അഡ്വ എസ്. സുരേഷാണ് പരാതി നല്‍കിയത്. ഡി.ജി.പിക്ക് നേരിട്ട് അദ്ദേഹം പരാതി കൈമാറുകയായിരുന്നു.

അമേരിക്ക, -ജപ്പാന്‍, -ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നെന്ന കോടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കരസേന മേധാവിയുടെ വെളിപ്പെടുത്തലിനുശേഷം നടത്തിയ ഈ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ നീക്കമാണ്. ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ആഭ്യന്തരമന്ത്രി, എം.എല്‍.എ എന്നീ ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നയാള്‍ നടത്തിയ പ്രസ്താവന എന്ന നിലയില്‍ ഇത് അതിഗുരുതരമാണ്. ഭരണഘടന ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.