‘മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയ്ക്ക് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു’; മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി അഖിലേഷ്

Advertisement

പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ആദ്യത്തെ വാര്‍ത്താ സമ്മേളനമായിരുന്നു മോദി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയത്. എന്നാല്‍, അമിത് ഷാ ആയിരുന്നു മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത്. മോദി ഉത്തരം പറയാതെ മൗനമായിരുന്നതിന് സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്.

മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു എന്നതാണ് വാര്‍ത്താസമ്മേളനം എന്ന പേരില്‍ നടന്നതെന്ന് അഖിലേഷ് പരിഹസിച്ചു. കുരങ്ങന്റെ ചിത്രവും ഉള്‍പ്പെടെ ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പരിഹാസം.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന്‍ നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


67 ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ അമിത് ഷാ സംസാരിക്കുമ്പോള്‍ തൊട്ടരികിലിരുന്ന മോദി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷനാണ് നമുക്കെല്ലാം എന്നാണ് മോദി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞത്.