
അൻവർ ശെരീഫ്

സ്വപ്നം എന്ന വാക്കിനെ കുറിച്ചു ചിന്തിക്കാന്‍ പോലും നേരമില്ലാത്ത ഉമ്മയ്ക്ക് ഒരു മുത്തം നല്‍കുകയാണ് ശാഹിദ് ആദ്യം ചെയ്തത്. കാരണം സിവില്‍ സര്‍വീസ് എന്നത് ഉമ്മയുടെ ആലോചനയുടെ എത്രയോ അകലയായിരുന്നു. അന്നവും അരിയും ഒക്കെയായിരുന്നു ഉമ്മയുടെ ചിന്തയും തിരക്കും. നിനക്കു പണിയൊന്നുമായില്ലേ ? ഈ വീട്ടില്‍ ആണ്‍തരിയായി നീ മാത്രമേയുള്ളു എന്ന ഉമ്മയുടെ ഇടക്കിടെയുള്ള ഉണര്‍ത്തലിനുള്ള ഒരു ഉത്തരമായിരുന്നു ആ ചുംബനം.
ജീവിതത്തിലെ കഷ്ടതകള്‍ക്കിടയിലും അവനാരോടും പറയാതെ ആ സ്വപ്നം മനസ്സിന്റെ ഉള്ളറയില്‍ സൂക്ഷിക്കുകയായിരുന്നു. കടവും കഷ്ടപ്പാടും പിടിവിടാതെ വന്നപ്പോഴും ആ സ്വപ്നത്തിനു ക്ഷതമേല്‍ക്കാതെ തന്നെ കൊണ്ടു നടക്കുകയും ചെയ്തു. പഠിച്ചിറങ്ങിയിട്ടും പണിയൊന്നുമായില്ലേ ചോദ്യം ശക്തമായപ്പോൾ പല ജോലികളും ചെയ്തു. പുസ്തകം എഴുതി വിറ്റു, രാത്രി വെളിച്ചത്തില്‍ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി പണമുണ്ടാക്കി വീട്ടില്‍ നല്കി. പക്ഷേ ആ വക ജോലികളൊന്നും ശാഹിദിന് തുടരാനായില്ല. ഇടക്കു മദ്റസാ അധ്യാപകനായി പണി നോക്കിയെങ്കിലും അതും തുടര്‍ന്നില്ല. സിവില്‍ സര്‍വീസ് എന്ന വികാരം രാത്രി ഉറക്കത്തില്‍ പോലും അവനെ വേട്ടയാടിക്കൊണ്ടിരുന്നു. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതാണ്. പിന്നെ അവന് യതീംഖാനയിലായിരുന്നു. പത്താം തരം പാസായതും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദവുമെല്ലാം നേടിയത് കോളജില്‍ പോയല്ല. പഠനങ്ങളെല്ലാം ഓപണ്‍ സട്രീമിലും ഡിസ്ന്റസ് സംവിധാനത്തിലുമായിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും രാജ്യത്തെ ഉന്നത ഉദ്യോഗത്തിലേക്ക് കാലെടുത്തുവക്കുന്ന ശാഹിദ് തിരുവള്ളൂര്‍ എന്ന ശാഹിദ് കെ കോമത്തിന്റെ കഥ ഒരു പക്ഷേ ആർക്കും പറയാനുണ്ടാവില്ല. അഞ്ചു തവണ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോഴും അവന് പൊരുതുകയായിരുന്നു.
സഹപാഠികളെല്ലാം നവോത്ഥാനമെന്ന വാക്ക് കേട്ട് പരിചയിക്കും മുമ്പ് ‘നവോത്ഥാനം സാധ്യമാക്കുന്നത്’ എന്ന പുസ്തകം തന്നെ എഴുതിയിരുന്നു ശാഹിദ്. മുൻ മന്ത്രി പി.കെ.കെ ബാവ നടത്തുന്ന കാപ്പാട് ഖാളി കുഞ്ഞി ഹസന് മുസ്ല്യാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പത്താമനായി അഡ്മിഷന് നേടിയൊരു പയ്യന്, പൈജാമയും ജുബ്ബയും ജിന്നത്തൊപ്പിയും അലസമായി ധരിച്ച് ആകാശം നോക്കി കവിതകളെഴുതിയിരുന്ന ഒരു വിദ്യാര്‍ത്ഥി. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 693 ാം റാങ്കിന്റെ തിളക്കത്തിലാണ് ഇന്ന് ശാഹിദും കുടുംബവും. അവന് ഉറപ്പിച്ചിരുന്നുവെങ്കിലും നാട്ടുകാര്‍ നിനച്ചിരിക്കാതെയാണ് ഈ അല്‍ഭുതം അവരുടെ മുന്നില്‍ സംഭവിച്ചിരിക്കുന്നത്. നാലു ദിവസമായി അവന്റെ വീട്ടില്‍ തിരക്കോട് തിരക്കാണ്. ഉപഹാരം കൊടുക്കാന്‍ സംഘടനകളും ചേര്‍ത്തു നിര്‍ത്തി ഫോട്ടോയെടുക്കാന്‍ ആരാധകരുമെല്ലാം വീടു നിറയെയുണ്ട്. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം മധുരം നുകര്‍ന്ന് ശാഹിദിന്റെ ഉമ്മയും വലിയുമ്മയും പത്നിയുമുണ്ട്.
ശാഹിദ് സിവല്‍ സര്‍വ്വീസ് പാസ്സായി എന്നതിനേക്കാള്‍ അവനെങ്ങനെ അഞ്ച് വര്‍ഷം ഈ സ്വപ്നത്തിന് വേണ്ടി മാത്രം മാറ്റി വെച്ചു എന്നതാണ് അത്ഭുതം. കോളജിലെ പന്ത്രണ്ട് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കില്ലെന്നാണ് അവനെപ്പോലെ സഹാപാഠികളും ധരിച്ചിരുന്നു. വീട്ടിലെ തേങ്ങ വലിക്കാന്‍ വരെ ലീവ് ചോദിച്ച് പോയ കഥയുണ്ട് . വീട്ടില്‍ നിന്നും ലീവെടുത്ത് കോളേജിലേക്ക് വരുന്നതാണെന്ന് പലപ്പോഴും അധ്യാപകര്‍ വരെ തമാശ പറയാറുണ്ടായിരുന്നു. പല തവണ പഠനം നിര്‍ത്താന്‍ വരെ ആലോചിച്ചു.
സ്ഥാപനത്തില്‍ തകഴിയെന്ന ഓമനപ്പേരിലറിയപ്പെട്ട എഴുത്തുകാരനായിരുന്നു അവന്. ക്ലാസില്‍ ഒരിക്കല്‍ പോലും ഒന്നാമനായിരുന്നില്ല. സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചതു തന്നെ പത്താമനായിട്ടാണ്. എസ്.എസ്.എല്‍.എസി എഴുതും മുമ്പേ ഒരു പുസ്തകം എഴുതിയിരുന്നു ശാഹിദ്. അതും നവോത്ഥാനത്തെ കുറിച്ച്. പിന്നീട് ‘എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത്’ എന്ന പേരില്‍ സ്വന്തമായി ഒരു നോവല്‍ തന്നെ പുറത്തിറക്കി. അപ്പോഴേക്കും പത്രങ്ങളിലെ എഡിറ്റോറിയല്‍ പേജിലും ആനുകാലിക മാഗസിനുകളിലെ കവര്സ്റ്റോറികളിലുമായി ശാഹിദ് തിരുവള്ളൂരെന്ന നാമം വന്നു തുടങ്ങിയിരുന്നു.
പാണക്കാട് സ്വാദിഖലി തങ്ങള്‍ ദര്‍ശന ചാനലുമായി മുന്നോട്ട് വരുന്ന കാലം, അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്തില്‍ ശാഹിദ് ഒരു ജേര്‍ണലിസം ഇന്സ്റ്റിറ്റൂഷന് തന്നെ സ്ഥാപനത്തില്‍ തുടങ്ങി. അറബിക് കോളജില്‍ നിന്നും ഇറങ്ങിയ ഉടനെ ചന്ദ്രിക പത്രത്തില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച ശാഹിദ് സിവില്‍ സര്‍വ്വീസ് മോഹം കാരണം അവിടെ നിന്നും പുറത്തു ചാടുകയായിരുന്നു. എന്തിനേയും പുഞ്ചിരിയോടെ നേരിടാനുള്ള ധൈര്യവും സാമര്‍ത്ഥ്യവും തന്നെയാണ് സിവില്‍ സര്‍വ്വീസിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി. ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രാരാബ്ദങ്ങളെ പഴിച്ചിട്ടില്ല. എപ്പോഴും നിഷ്കളങ്കമായ ഒരു പുഞ്ചിരിയും ഒത്തിരി തമാശകളും ചിലപ്പോഴൊക്കെ കുട്ടിത്തം വിരിയുന്ന കച്ചറയും.
എം.എസ്.എഫിന്റെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലാരംഭിച്ച സിവല്‍ സര്‍വ്വീസ് പ്രൊജക്ടിലൂടെയാണ് ഈ വലിയ സ്വപ്നത്തിലേക്ക് യാത്ര ആരംഭിച്ചത്. വിജയത്തേരിലേറി അഭിമാനത്തിന്റെ കൊടുമുടി കയറുമെന്ന് ആദ്യഘട്ടത്തിൽ അവനല്ലാതെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അഭിമാനത്തോടെ സുഹൃത്തുക്കള്‍ അവനെ ഐ.എ.എസെന്ന് വിളിച്ചു.
സിവില്‍ സര്‍വ്വീസ് എക്സാമിന് പ്രിപ്പറേഷന്‍ തുടങ്ങിയത് മുതല്‍ അവന് പൂര്‍ണമായി മാറുകയായിരുന്നു. അന്ന് വരെ ഒരിക്കല്‍ പോലും പുസ്തകത്തിന് മുന്നിലിരുന്ന് മരിച്ച് പഠിച്ചിട്ടില്ലാത്തവന്‍ മണിക്കൂറുകളോളം ഇരുന്ന് പഠിച്ചു. ഒരു ക്ലാസില്‍ പോലും മുക്കാല്‍ മണിക്കൂര്‍ തികച്ചിരിക്കാന്‍ സമയമില്ലാത്തവന് മാസങ്ങളോളം മാറി നിന്ന് പഠനത്തിനായി ചെലവഴിച്ചു. ജീവിത പ്രാരാബ്ധങ്ങളോ വീട്ടിലെ അവസ്ഥകളോ ഒരിക്കല്‍ പോലും അവനെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. വളരെ പ്രയാസങ്ങള്‍ നേരിടുന്ന വീട്ടിലെ ഏക ആണ്‍തരി അഞ്ച് വര്‍ഷമൊക്കെ ഒരു ജോലിയുമില്ലാതെ പഠനത്തിന് വേണ്ടി മാത്രം ചെലവഴിക്കുകയായിരുന്നു. അതിനിടയില്‍ തീര്‍ത്തും നിർധനമായ ഒരു വീട്ടില്‍ നിന്ന് തനിക്കിഷ്ടപ്പെട്ട ഒരു കുട്ടിയെ വിവാഹവും ചെയ്തു. തന്നെ പോലെ അറബിക് കോളജില്‍ പഠിച്ച അനേകായിരം വിദ്യാര്‍ത്ഥികള്‍ക്കു പിന്നാക്കത്തിന്റെ കഥപറഞ്ഞു നില്‍ക്കാതെ പൊരുതാനുള്ള കരുത്താണ് ഇപ്പോള്‍ ശാഹിദ് തിരുവള്ളൂര്‍ എന്ന ശാഹിദ് കെ കോമത്ത്.