സൊമാറ്റോക്കെതിരെ കൊല്‍ക്കത്തയിലെ മതവികാര സമരം

കെ സുനില്‍ കുമാര്‍

സൊമാറ്റോ എന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖലയിലെ ഒരു വിഭാഗം വിതരണ ജീവനക്കാര്‍ കൊല്‍ക്കത്തയില്‍ സമരം തുടങ്ങിയിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ സമരം. ബീഫിനെതിരെ ഹിന്ദുക്കളും പോര്‍ക്കിനെതിരെ മുസ്ലിങ്ങളും അണിനിരന്നതോടെ സമരത്തില്‍ തത്കാലം  മതസൗഹാര്‍ദ്ദം ഉണ്ടായിട്ടുണ്ട്. വിതരണക്കാരുടെ വേതനവുമായും ആനുകൂല്യങ്ങളുമായും ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന സമരമാണ് മതവികാരം വ്രണപ്പെടലിന്റെ പ്രശ്‌നമായി രൂപം മാറിയത്.

‘ഭക്ഷണത്തിന് മതമില്ല. ഭക്ഷണം തന്നെ ഒരു മതമാണ്’ എന്ന സൊമാറ്റോയുടെ ട്വീറ്റ് അടുത്തകാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അഹിന്ദുവായ ഒരാള്‍ കൊണ്ടുവന്നതിനാല്‍ കാന്‍സല്‍ ചെയ്തതായി മധ്യപ്രദേശുകാരനായ അമിത് ശുക്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടി ആയാണ് ഭക്ഷണത്തിന് മതമില്ലെന്ന് സൊമോറ്റോ മറുപടി നല്‍കിയത്.
രാജ്യത്തെ മതേതര ബോധമുള്ള ആളുകളത്രയും സൊമാറ്റോയുടെ ഈ നിലപാടിനൊപ്പമാണ് അന്ന് നിലയുറപ്പിച്ചത്. അന്യമതസ്ഥനായ ഒരാള്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ സാധാരണ നിലയില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഭക്ഷണത്തിലും രാഷ്ട്രീയം കലര്‍ന്നു കഴിഞ്ഞു.

ഹൗറയില്‍ സൊമാറ്റോയുടെ ഡെലിവറി എക്‌സിക്യൂട്ടീവുമാര്‍ നടത്തുന്ന സമരവും ഈ രാഷ്ട്രീയവുമായി കൂടിക്കലര്‍ന്നതാണ്. സമരത്തിലെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സജീവസാന്നിദ്ധ്യം ഈ രാഷ്ട്രീയത്തെ പ്രകടമാക്കുന്നുണ്ട്. ഉത്തര ഹൗറയിലെ ബിജെപിയുടെ പ്രാദേശിക നേതാവായ സഞ്ജീവ് കുമാര്‍ ശുക്ലയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം നയിക്കുന്ന സൊമോറ്റോയുടെ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ബജ്രംഗ് നാഥ് വര്‍മ്മയെും ബിജെപി പ്രവര്‍ത്തകനാണ്. ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ ട്വീറ്റിനെതിരെയാണ് സമരമെന്ന സഞ്ജീവ് കുമാര്‍ ശുക്ല പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സൊമാറ്റോ കറച്ചു ദിവസം മുമ്പ് ട്വീറ്റ് ചെയ്തു, ഭക്ഷണത്തിന് മതമില്ല എന്ന്. ഞങ്ങള്‍ക്ക് സൊമാറ്റോയോട് പറയാനുള്ളത് ഭക്ഷണത്തിന് മതമില്ലായിരിക്കാം, പക്ഷെ ജനങ്ങള്‍ക്ക് മതമുണ്ട്. മതവികാരം വ്രണപ്പെടുന്നതിനാല്‍ പോര്‍ക്ക് മുസ്ലിങ്ങള്‍ക്കും ബീഫ് ഹിന്ദുക്കള്‍ക്കും വിതരണം ചെയ്യാനാവില്ല’ എന്നാണ് അദ്ദേഹത്തിന്റെ വാദം.

ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ നിലപാടാണ് ഇപ്പോള്‍ അവര്‍ക്കെതിരായി മാറുന്നത്. അവര്‍ ഹിന്ദു വിരുദ്ധരാണെന്ന വ്യാപക പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്നത്. സൊമാറ്റോയുടെ ആപ്പിനെതിരെ പ്ലേ സ്റ്റോറുകളില്‍ നെഗറ്റീവ് വോട്ടിംഗും നടന്നു. ഇതിനിടയിലാണ് ഹൗറയില്‍ ഏതാനും ഡെലിവറി പാര്‍ട്ട്ണേഴ്‌സും സൊമാറ്റോയുമായി ഭക്ഷണ വിതരണത്തിലെ കമ്മീഷനുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. ഒരു ഡെലിവറിക്ക് 60 രൂപ നല്‍കിയിരുന്നത് 25 രൂപയായി കുറച്ചുവെന്നാണ് വിതരണക്കാര്‍ പരാതിപ്പെട്ടത്. പിഎഫും ഇഎസ്‌ഐയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഓര്‍ഡര്‍ കൂടിയതോടെ കമ്മീഷന്‍ കുറഞ്ഞുവെന്നാണ് ഡെലിവറി പാര്‍ട്ട്‌ണേഴ്‌സിന്റെ പരാതി. ഓഗസ്റ്റ് അഞ്ചിന് ഒരു വിഭാഗം ആരംഭിച്ച സമരത്തിന് കാര്യമായ ശ്രദ്ധ ലഭിച്ചില്ല. 12-ന് ബിജെപി നേതാക്കള്‍ കൂടി പങ്കെടുത്ത സമരത്തോടെയാണ് ഭക്ഷണത്തിലേക്ക് മതവും മത വികാരവും കൂടിക്കലര്‍ന്നത്. നേരത്തെതില്‍ നിന്ന് വ്യത്യസ്തമായി സമരവും സജീവമായ
രാഷ്ട്രീയ ഇടപെടലുകളുമാണ് ഈ സമരത്തെ മത വിശ്വാസവുമായി കൂട്ടിച്ചേര്‍ത്തത്. ബീഫ് വിതരണം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായി പോര്‍ക്ക് വിതരണം ചെയ്യുന്നത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി മുസ്ലിങ്ങളായ വിതരണക്കാരും അവകാശപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാകാതെ സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസും പിന്തുണ നല്‍കുന്നുണ്ട്. ഹൗറയില്‍ നിന്നുള്ള മന്ത്രിമാരായ അനൂപ് റോയിയും രജീബ് ബാനര്‍ജിയും സമരത്തെ പിന്തുണച്ച് രംഗത്തുണ്ട്. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അവരുടെയും നിലപാട്.
‘ഇന്ത്യയെ പോലെ വൈവിദ്ധ്യമുള്ള ഒരു രാജ്യത്ത് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ മാത്രമേ വിതരണം ചെയ്യൂ എന്ന നിര്‍ബന്ധം ശരിയല്ല’ എന്നാണ് സൊമാറ്റോയുടെ നിലപാട്. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുന്‍ നിലപാട് അവര്‍ ആവര്‍ത്തിക്കുകയാണ്.

പക്ഷെ വൈവിദ്ധ്യങ്ങള്‍ ഇല്ലാതാക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഭക്ഷണത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ബീഫ് കൈവശം വെയ്ക്കുന്നതിന്റെ പേരില്‍ വീടുകളില്‍ കഴിയുന്നവരും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരും ആക്രമിക്കപ്പെടുന്നു. കാലിക്കടത്ത് ആരോപിച്ച് ദളിതരെയും മുസ്ലിങ്ങളെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുന്ന കാലമാണ്. ഭക്ഷണത്തെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ് പ്രബലമായി കൊണ്ടിരിക്കുന്നത്.

അത്തരം ഒരു നീക്കത്തിന്റെ ഭാഗമായാണ് ബംഗാളില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്ന ബിജെപി സൊമാറ്റോക്കെതിരായ സമരത്തെ ഭക്ഷണയുദ്ധമാക്കി മാറ്റുന്നത്. ബംഗാളിലും ബീഫിന്റെ പേരിലുള്ള കലാപങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുവാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഹൗറയിലെ സൊമാറ്റോയുടെ ലിസ്റ്റിലുള്ള മുസ്ലിം ഉടമസ്ഥതയിലുള്ള ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചു കൂടിയാണ് സമരം വഴി തിരിച്ചു വിട്ടതെന്ന് ‘ദ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഒരു രാഷ്ട്രീയ ആയുധമാണ് ബീഫ്. അത് ബംഗാളിലേയ്ക്കും അവര്‍ കടത്തിവിടാനാണ് ശ്രമിക്കുന്നത്. അവര്‍ തുടങ്ങിവെച്ചാല്‍ ആള്‍ക്കൂട്ടം അത് ഏറ്റെടുക്കുമെന്ന് അവര്‍ക്കറിയാം. അതിന്റെ ഭാഗമാണ് സൊമാറ്റോക്കെതിരെ അവര്‍ തുടങ്ങി വെച്ചിരിക്കുന്ന സമരം. ഭക്ഷണത്തില്‍ മതമുണ്ടെന്ന് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം.