യു.പിയിൽ യോഗി തുടരും, പഞ്ചാബിൽ കോൺഗ്രസിന് അടിതെറ്റും, ആംആദ്‌മി മുന്നേറും: സർവെ ഫലം

അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സി വോട്ടർ-എബിപി നടത്തിയ സർവ്വേയിൽ പഞ്ചാബിൽ തൂക്ക് നിയമസഭയെന്ന് പ്രവചനം. കോൺഗ്രസ് സർക്കാർ പരാജയപ്പെടാനാണ് സാധ്യത എന്നും ആം ആദ്മി പാർട്ടി മുന്നേറുമെന്നും ബിജെപി പരാജയപ്പെടുമെന്നും ശിരോമണി അകാലിദൾ മൂന്നാം സ്ഥാനത്ത് എത്തുമെന്നുമാണ് പ്രവചനം.

117 അംഗ പഞ്ചാബ് നിയമസഭയിൽ ആം ആദ്മിക്ക് 51- 57 സീറ്റുകൾ നേടാനാകുമെന്ന് സി വോട്ടർ പ്രവചനങ്ങൾ പറയുന്നു, കോൺഗ്രസ് 38 -46 സീറ്റുകളും ശിരോമണി അകാലിദൾ 16-24 സീറ്റുകളും നേടും. പഞ്ചാബിലെ വോട്ട് ഷെയർ പ്രവചനങ്ങൾ എഎപിക്ക് 35.1 ശതമാനവും കോൺഗ്രസിന് 28.8 ശതമാനവും ശിരോമണി അകാലിദളിന് 21.8 ശതമാനവുമാണ്.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും പഞ്ചാബ് പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലടിക്കുന്ന സാഹചര്യത്തിൽ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ നേതൃത്വത്തിന്റെ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് സർവെ.

2017 ൽ 77 സീറ്റുകൾ നേടി പഞ്ചാബിൽ കോൺഗ്രസ് വിജയിക്കുകയായിരുന്നു. ശിരോമണി അകാലിദലിന് 15 സീറ്റും ആം ആദ്മിക്ക് 20, ബിജെപി മൂന്നും മറ്റുള്ളവ രണ്ടും നേടി. കർഷകരുടെ പ്രക്ഷോഭം 2022 ലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.

Read more

യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിങ്ങനെ 2022 -ൽ വോട്ടെടുപ്പ് നടക്കുന്ന ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുമെന്ന് സി വോട്ടർ സർവേ പ്രവചിച്ചു. യുപിയിൽ ബിജെപിക്ക് ഏകദേശം 60 സീറ്റുകൾ നഷ്ടപ്പെടുമെങ്കിലും യോഗി ആദിത്യനാഥ് സർക്കാർ അധികാരം നിലനിർത്തുമെന്നാണ് പ്രവചനം.