തബ്ലീഗ് ജമാഅത്ത് അംഗങ്ങൾക്ക് എതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത നീക്കം

ഡൽഹി നിസാമുദ്ദീനിൽ മതസംഗമം സംഘടിപ്പിച്ച ഇസ്ലാമിക് മിഷനറി വിഭാഗത്തിലെ തബ്ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്തതായി റിപ്പോർട്ട്. നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത നൂറുകണക്കിന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു ആശുപത്രിയിൽ നഴ്‌സുമാരെ ആക്രമിച്ചു അശ്ലീലമായി പെരുമാറി എന്നീ ആരോപണങ്ങൾ ആണ് സമ്പർക്ക വിലക്കിൽ കഴിയുന്ന
ഇവരിൽ ചിലർക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

ഇവരെ “മനുഷ്യരാശിയുടെ ശത്രുക്കൾ” എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശനമായ നിയമപ്രകാരം കുറ്റാരോപിതർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. ഈ നിയമപ്രകാരം പൊതുക്രമത്തെ ഭീഷണിപ്പെടുത്തുന്ന പ്രതികൾക്കെതിരെ ഒരു വർഷം വരെ ചാർജില്ലാതെ തടങ്കലിൽ വെയ്ക്കാൻ നിയമം അനുവദിക്കുന്നു.

“അവർ നിയമം പാലിക്കുകയില്ല, അവർ ഉത്തരവ് സ്വീകരിക്കുകയുമില്ല. അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്, അവർ വനിതാ ആരോഗ്യ പ്രവർത്തകരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങൾ അവർക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു, ഞങ്ങൾ അവരെ വെറുതെ വിടില്ല,” യോഗി ആദിത്യനാഥ് പറഞ്ഞു.

“ഡോക്ടർമാരെ ആക്രമിച്ച ഇൻഡോറിലെ പോലുള്ള ഒരു സംഭവം സംസ്ഥാനത്ത് മറ്റെവിടെയും കാണില്ല. ഇതിൽ നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,” ആദിത്യനാഥ് പറഞ്ഞു.

Read more

ഗാസിയാബാദിലെ എംഎംജി ഹോസ്പിറ്റലിൽ സമ്പർക്ക വിലക്കിൽ കഴിയുന്ന തബ്ലീഗി അംഗങ്ങൾ കൊറോണ വൈറസ് മുൻകരുതലുകൾ ലംഘിച്ച് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് ആരോപണം. കൂടാതെ അവർ മോശം പരാമർശങ്ങൾ നടത്തി, ഐസൊലേഷൻ വാർഡിൽ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.