അയോദ്ധ്യ ഉപേക്ഷിച്ച് യോഗി ആദിത്യനാഥ്, ഗോരഖ്പൂരിൽ നിന്ന് മത്സരിക്കും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോരഖ്പൂർ (അർബൻ) സീറ്റിൽ നിന്നും മത്സരിക്കും. ബിജെപി ഉച്ചയ്ക്ക് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.

യോഗിയുടെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യ പ്രയാഗ്‌രാജ് ജില്ലയിലെ സിറത്തു മണ്ഡലത്തിൽ മത്സരിക്കും. മുഖ്യമന്ത്രിയുടെ കോട്ടയായ ഗോരഖ്പൂർ (അർബൻ) സീറ്റിലേക്കുള്ള പോളിംഗ് ആറാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. ആദിത്യനാഥ് 2017 വരെ തുടർച്ചയായി അഞ്ച് തവണ ലോക്‌സഭയിലേക്ക് വിജയിച്ചത് ഇവിടെനിന്നാണ്.

“വളരെ കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്… അന്തിമ തീരുമാനം എടുത്തത് പാർട്ടിയുടെ ഉന്നത നേതൃത്വമാണ്,” കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പാർട്ടി തന്നോട് ആവശ്യപ്പെടുന്ന ഏത് സീറ്റിൽ നിന്നും താൻ മത്സരിക്കും എന്ന് യോഗി പറഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമായിരുന്നു,” ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഗോരഖ്പൂരിൽ മത്സരിക്കണമെന്ന കാര്യത്തിൽ ആദിത്യനാഥ് നിർബന്ധം പിടിച്ചു എന്ന ഊഹാപോഹങ്ങൾ ധർമേന്ദ്ര പ്രധാൻ തള്ളി. ഒരു പുതിയ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് പകരം ഗോരഖ്പൂരിൽ നിന്ന് മത്സരിക്കാനാണ് ആദിത്യനാഥ് താല്പര്യം കാണിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആദിത്യനാഥിനെ പരിഹസിച്ച് രംഗത്തെത്തി: “ബിജെപി അദ്ദേഹത്തെ (മുഖ്യമന്ത്രിയെ) ഗോരഖ്പൂരിലേക്ക് അയച്ചത് എനിക്കിഷ്ടമായി. യോഗി അവിടെ തുടരണം… അവിടെ നിന്ന് ഇനി ഇങ്ങോട്ട് വരണമെന്നില്ല.” അഖിലേഷ് യാദവ് പറഞ്ഞു.

ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി അയോധ്യയിലോ മഥുരയിലോ രണ്ട് ക്ഷേത്രനഗരങ്ങളിൽ ഒന്നിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ബിജെപിയുടെ കോർ ഗ്രൂപ്പ് യോഗിയെ ഈ സീറ്റുകളിൽ നിന്ന് മത്സരിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണിത്, പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗം പാർട്ടിയിൽ നിന്ന് അകന്നുപോകുന്നതായുള്ള വിലയിരുത്തലിന് ശേഷം.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ യോഗിയെ ഇവിടെ നിന്നും മത്സരിപ്പിക്കുന്നത് ഭരണകക്ഷിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ഹിന്ദുത്വ നേതാവെന്ന യോഗിയുടെ ബ്രാൻഡ് പരമാവധി മുതലെടുക്കാനും ഭരണ കക്ഷിയെ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നുമായിരുന്നു ഒരു വാദം. എതിരാളികളായ സമാജ്‌വാദി പാർട്ടി പരമ്പരാഗതമായി ശക്തമായിരുന്ന അവധ് മേഖലയിലാണ് ക്ഷേത്രനഗരം.

അതേസമയം, മൂന്ന് മന്ത്രിമാരുൾപ്പെടെ 10 എം‌എൽ‌എമാർ ഈ ആഴ്ച പാർട്ടിയിൽ നിന്നും പോയതിനെ തുടർന്ന് യുപിയിലെ ബിജെപി ആഭ്യന്തര പ്രശ്‌നം നേരിടുകയാണ്. വളരെ സ്വാധീനമുള്ള പിന്നോക്ക വിഭാഗം നേതാക്കളും മുൻ മന്ത്രിമാരുമായ ധരം സിംഗ് സൈനി, സ്വാമി പ്രസാദ് മൗര്യ എന്നിവരുൾപ്പെടെ നിരവധി പേർ ബി.ജെ.പിയുടെ എതിരാളിയായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു.

ഇന്നത്തെ പട്ടികയിൽ ബിജെപി മറ്റ് 105 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഇതിൽ 83 സീറ്റുകളിൽ ബി.ജെ.പി 2017-ൽ വിജയിച്ചിരുന്നു. വിജയിച്ച 63 എംഎൽഎമാരെ നിലനിർത്തിയിട്ടുണ്ട്, ശേഷിക്കുന്ന 20 പേർ പുതുമുഖങ്ങൾ ആണ്. യുപിയിലെ 403 അംഗ നിയമസഭയിലെ മറ്റ് 296 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ഉത്തർപ്രദേശിൽ പുതിയ സർക്കാരിനായുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 ന് ആരംഭിക്കും. ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. ഫലങ്ങൾ മാർച്ച് 10 ന് പ്രഖ്യാപിക്കും.