രാമനവമി ആഘോഷങ്ങളും, ഇഫ്താര്‍ വിരുന്നുകളും നടക്കുന്നു, യു.പിയില്‍ ഒരു കലാപവും ഇല്ലെന്ന് യോഗി ആദിത്യനാഥ്

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ കലാപത്തിനും അരാജകത്വത്തിനും സ്ഥാനമില്ലെന്ന് രാമനവമി ദിനത്തില്‍ സംസ്ഥാനം മാതൃക കാണിച്ചു. സംസ്ഥാനത്ത് രാമനവമി ആഘോഷങ്ങളും, റംസാന്‍ ആഘോഷങ്ങളും ഒരുപോലെ നടക്കുന്നുവെന്നാണ് ആദിത്യനാഥ് പറഞ്ഞത്.

‘കഴിഞ്ഞ ദിവസം രാമനവമി ആഘോഷിച്ചിരുന്നു. 25 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശില്‍ താമസിക്കുന്നത്. സംസ്ഥാനത്തുടനീളം 800 രാമനവമി ഘോഷയാത്രകള്‍ നടന്നു. അതേസമയം, ഇത് റംസാന്‍ മാസമാണ്. നിരവധി ഇഫ്താര്‍ പരിപാടികളും ഉണ്ടായിരിക്കണം. പക്ഷേ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല’ യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഇത് യുപിയുടെ പുതിയ വികസന അജണ്ടയുടെ പ്രതീകമാണ്. കലാപത്തിനോ അരാജകത്വത്തിനോ ഗുണ്ടാരാജിനോ ഇനി ഇടമില്ല,’ അദ്ദേഹം പറഞ്ഞു.

രാമനവമി ദിനത്തില്‍ രാജ്യത്ത് അഞ്ചോളം സംസ്ഥാനങ്ങളില്‍ മു്സ്ലിംങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടന്നതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രതികരണം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ സംഘര്‍മുണ്ടായി. രണ്ട് പേര്‍ അക്രമത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.