‘കിട്ടാത്ത മുന്തിരി പുളിക്കും’; യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി

ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നായിരുന്നു യോഗിയുടെ മറുപടി. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

‘ഇത് പുളിക്കുന്ന മുന്തിരിയാണ്. അവരുടെ പാര്‍ട്ടി പ്രസിഡന്റിന് യു.പിയില്‍ മത്സരിച്ച് തോറ്റു. അതിനാല്‍ ഡല്‍ഹിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടംപിടിക്കാനായി ഇങ്ങനെ ഒക്കെ പറയുന്നു.’- എന്നായിരുന്നു യോഗിയുടെ മറുപടി.

‘ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതു പോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നടക്കുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വാ തുറക്കില്ല. അവര്‍ ബധിരരാണ്. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ?’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സംസ്ഥാനത്ത് നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ കൊളാഷുകള്‍ സഹിതമായിരുന്നു പ്രിയങ്കയുടെ ആരോപണം.

ഇതിന് മുമ്പും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. എപ്പോഴാണ്
സുരക്ഷയുടെ ഉത്തരവാദിത്വം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.