യോഗ ഗുരുവും ബി.ജെ.പി ദേശീയനേതാക്കളുടെ ചങ്ങാതിയുമായ 'സ്വാമി' സ്ത്രീപീഡനക്കേസില്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

രണ്ട് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും സ്വയംപ്രഖ്യാപിത ആത്മീയ-യോഗ ഗുരുവുമായ ആനന്ദ് ഗിരിയെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പുരോഹിതനാണ് ആനന്ദ് ഗിരി. ഇയാളെ സിഡ്‌നി കോടതി ജൂണ്‍ 26 വരെ റിമാന്‍ഡ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കാരണത്തില്‍ ഓസ്‌ട്രേലിയയിലെ ഓക്‌സലെ പാര്‍ക്കില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നത്.

റൂട്ടി ഹിലിലെ വസതിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ ആനന്ദ് ഗിരി 29 കാരിയായ വീട്ടുകാരിയുടെ കിടപ്പുമുറിയില്‍ അപമര്യാദയായി പെരുമാറി എന്നതാണ് ഒരു കേസ്. ഇത് 2016 ലാണ് സംഭവിച്ചത്. അടുത്ത സംഭവം നടക്കുന്നത് 2018 ലാണ്. അന്ന് പൂജക്കായി മറ്റൊരു വീട്ടിലെത്തിയ ഇയാള്‍ അവിടുത്തെ 34 കാരിയോട് അതിരു വിട്ട് പെരുമാറി. ഇതിന് ശേഷം വീണ്ടും ഓസ്‌ട്രേലിയയില്‍ എത്തിയതാണ് ഇയാള്‍. ഇതിനിടിയിലാണ് അറസ്റ്റ്.

തന്റെ ഫെയ്സ് ബുക്ക് പേജില്‍ നന്ദ് ഗിരി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം.ബിജെപി അധ്യക്ഷന്‍ അമിത് ഷായോടും യോഗി ആദിത്യനാഥിനോടും ഒപ്പം ഗിരി

Read more

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള സന്യാസിയായ ഇയാള്‍ക്ക് ബിജെപി ദേശീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ആവശ്യക്കാരെ താന്‍ സഹായിക്കുമെന്നും ആത്മാവ് കണ്ട മനുഷ്യനാണെന്നും ആണ് ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ യോഗി ആദിത്യനാഥ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രി വി കെ സിംഗ്, രാം ദേവ്, ബിജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്നുണ്ട്.