യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു; 106 പേരുടെ പിന്തുണ

കര്‍ണാടക നിയമസഭയില്‍ ബി.എസ് യെദ്യൂരപ്പ വിശ്വാസ വോട്ട് നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്.

പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച്. നാഗേഷും യെദ്യൂരപ്പയെ പിന്തുണച്ചു.

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദ്യൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്.