യെദ്യൂരപ്പയുടെ വിവാദഡയറി കോണ്‍ഗ്രസ് പുറത്തു വിട്ടു, വീഡിയോ

പൊതുതിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോള്‍ 1800 കോടി രൂപയുടെ കോഴ വിവാദത്തില്‍ കുടുങ്ങി ബിജെപി. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പ, കേന്ദ്രനേതാക്കളായ രാജ്നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, തുടങ്ങിയ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വത്തിനുമായിട്ടാണ് ഇത്രയും തുക നല്‍കിയതിന്റെ തെളിവ് കോണ്‍ഗ്രസ് പുറത്ത് വിട്ടത് . യെദ്യൂരപ്പയുടെ ഡയറിയാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ഇതിന്റെ പേജിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യദ്യൂരപ്പയുടേതായി പുറത്തു വന്ന ഡയറിയില്‍ പറയുന്നു.
കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവര്‍ക്ക് 50 കോടി വീതവും രാജ്നാഥ് സിംഗിന് 100 കോടിയും കൊടുത്തതായി ഡയറിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ഗഡ്കരിയുടെ മകന്റെ വിവാഹാവശ്യത്തിനായി മറ്റൊരു 10 കോടിയും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിവിധ ജഡ്ജിമാര്‍ക്കായി 500 കോടി വീതിച്ചു നല്‍കിയെന്നും പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ കൈമാറിയെന്നും ഡയറി പറയുന്നു.

നേരത്തെ 2017 ല്‍ യെദ്യൂരപ്പയും ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നല്‍കിയ വിവരം യെദ്യൂരപ്പ ഫോണില്‍ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കര്‍ണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയര്‍ത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഡയറി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കാരവന്‍ മസികയില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു

എന്നാല്‍ 1800 കോടി രൂപയുടെ അനധികൃത കൈമാറ്റം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തുക എന്ന് കൈമാറിയെന്നു വ്യക്തമല്ലെങ്കിലും 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് സൂചനകള്‍. ഡയറിയില്‍ 2009 എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഇത്. നരേന്ദ്ര മോദിയ്ക്കെതിരെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിന് രേഖകള്‍ കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1800 കോടി രൂപയുടെ കോഴയ്ക്ക് കുട പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല ആരോപിച്ചു.

യെദ്യൂരപ്പ ഡയറി കോൺഗ്രസ് പുറത്തു വിട്ടു.

Posted by Rajesh Koyikkal on Monday, 15 April 2019