രാജ്യവ്യാപകമായി മനുഷ്യമൂത്രം ശേഖരിക്കൂ, യൂറിയ ഇറക്കുമതി ഒഴിവാക്കാമെന്ന് നിതിന്‍ ഗഡ്കരി

വിവാദ പ്രസ്താവനകളുടെ തോഴനായ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പുതിയ പുതിയ സംരംഭകര്‍ക്കായി നല്‍കിയ ഉശിരന്‍ ആശയവും വിവാദത്തില്‍. മൂത്രം ശേഖരിച്ച് യൂറിയ ഉണ്ടാക്കാമെന്നാണ് നാഗ്പൂരില്‍ യുവസംരംഭകരുടെ സമ്മേളനത്തില്‍ ഗഡ്കരി പറഞ്ഞത്. അങ്ങിനെ മൂത്രം വ്യാപകമായി ശേഖരിക്കുകയാണെങ്കില്‍ രാജ്യത്തെ വളത്തിന്റെ നല്ലൊരു പങ്ക് ഇവിടെയുണ്ടാക്കാമെന്നും യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യം വരില്ലെന്നും ഗഡ്കരി പറഞ്ഞു.

നാഗപുര്‍ മുന്‍സിപാലിറ്റിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനചടങ്ങിലാണ് ഗഡ്കരി ഇത്തരം വമ്പന്‍ ഒരാശയം മുന്നോട്ട് വെച്ചത്. മനുഷ്യമൂത്രം വരെ ബയോഫ്യൂവല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും അമോണിയം സള്‍ഫേറ്റും നൈട്രജനും ഇതില്‍ നിന്ന് ഉത്പാദിപ്പിക്കാമെന്നും അദ്ദേഹം സദസ്യരോട് പറഞ്ഞു. എയര്‍പോര്‍ട്ടുകളിലും മറ്റും മൂത്രം സംഭരിച്ചാല്‍ നമ്മുടെ യൂറിയ ആവശ്യം മതിയാകും. രാജ്യം മുഴുവന്‍ മൂത്രം ശേഖരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇന്ത്യയ്ക്ക് യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ അതിഗംഭീരമായ ഈ ആശയത്തോട് മറ്റുള്ളവര്‍ യോജിക്കില്ല. നേരത്തെ താന്‍ തന്റെ മൂത്രം ശേഖരിക്കുന്നുണ്ടെന്നും അതാണ് ഡല്‍ഹിയിലെ തന്റെ വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നതെന്നും ഗഡ്കരി പറഞ്ഞിരുന്നു. മനുഷ്യരുടെ മുടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അമിനോ ആസിഡ് കൃഷിയിലുപയോഗിച്ച തന്റെ കൃഷിയിടത്തില്‍ 25 ശതമാനം ഉത്പാദനവര്‍ധന നേടിയതായും ഗഡ്കരി അവകാശപ്പെട്ടു.