അമിത് ഷായ്ക്ക് കോവിഡ് ചികിത്സ സ്വകാര്യ ആശുപത്രിയിൽ; എയിംസിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് തരൂർ

സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സ തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പി രം​ഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് തരൂർ വിമർശനം ഉന്നയിച്ചത്.

എയിംസിൽ പോകുന്നതിനു പകരം സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഷാ ചികിത്സ തേടി എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കുന്നതിന് പൊതുമേഖ സ്ഥാപനങ്ങൾക്ക് അധികാരികളുടെ പിന്തുണ ആവശ്യമുണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു

ഡൽഹി എയിംസിനെ കുറിച്ച് വിശാഖ് ചെറിയാന്റെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് തരൂരിന്റെ പ്രതികരണം. ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ എന്ന സങ്കൽപത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സൃഷ്ടിച്ചതാണ് എയിംസ് എന്നായിരുന്ന വിശാഖ് ചെറിയാന്റെ ട്വീറ്റ്.

‌കേന്ദ്ര സർക്കാരിലെ രണ്ടാമന് തന്നെ കോവിഡ് ബാധിച്ചത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കാര്യമായ ആഘാതമാണ് ഉണ്ടാക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് അമിത് ഷായ്ക്ക് കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത്.