ഞങ്ങളുടെ ശവത്തെ മറികടന്നു മാത്രമേ കേന്ദ്ര സര്‍ക്കാരിന് പൗരത്വ നിയമം നടപ്പാക്കാന്‍ കഴിയൂ': ചന്ദ്രശേഖര്‍ ആസാദ്

പൗരത്വ നിയമത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തങ്ങളുടെ ശവത്തെ മറികടന്നു മാത്രമെ കേന്ദ്ര സര്‍ക്കാരിന് പൗരത്വ നിയമം നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആസാദ് തുറന്നടിച്ചു. ബുധനാഴ്ച ഷഹീന്‍ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരക്കാരെ സന്ദര്‍ശിച്ച ആസാദ്, കൊടും തണുപ്പത്തു പോലും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഷഹീന്‍ബാഗിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ ഇന്ത്യയുടെ ഐക്യത്തിനായി പോരാടുന്നതിനും ഓരോ ബാഗും (പൂന്തോട്ടം) ഒരു ഷഹീന്‍ബാഗ് ആക്കാനും കൂടുതല്‍ സ്ത്രീകളെ പ്രേരിപ്പിക്കാന്‍ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിക്കുമെന്നും പറഞ്ഞു.

“സ്ത്രീകള്‍ നയിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞു. ഇന്ന് ഭരണഘടന അപകടത്തിലായപ്പോള്‍ സ്ത്രീകള്‍ രാജ്യത്തെ നയിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നു. സര്‍ക്കാരിന് പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെങ്കില്‍ അത് നമ്മുടെ ശവത്തെ മറികടന്നു മാത്രമെ ചെയ്യാനാകൂ,”” ചന്ദ്രശേഖര്‍ ആസാദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഷഹീന്‍ ബാഗ് പ്രതിഷേധം തലസ്ഥാനത്തെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. പ്രത്യേകിച്ച്, നോയിഡയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കാര്‍ക്ക്. പ്രതിഷേധം ഈ രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡില്‍ തടസ്സം സൃഷ്ടിച്ചു.കൂടാതെ ഡല്‍ഹി- നോയിഡ – ഡല്‍ഹി ഫ്‌ളൈവേ പോലുള്ള ബദല്‍ റൂട്ടുകളില്‍ തിരക്ക് സൃഷ്ടിച്ചു. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട് എന്നത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, സത്യസന്ധമായി നിങ്ങള്‍ ഒരു കാര്യം പറയണം, നോട്ടുനിരോധനം നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നില്ലേ?” ആസാദ് ചോദിച്ചു. അടുത്ത 10 ദിവസത്തിനുള്ളില്‍ ഷഹീബാഗിന് സമാനമായ 5,000 പ്രതിഷേധ പരിപാടി രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ആര്‍.സി, എന്‍.പി.ആര്‍, സി.എ.എ എന്നീ നിയമങ്ങള്‍ ദളിത് വിരുദ്ധമാണ്. ഈ നിയമങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കും എന്നതുകൊണ്ട്  ഇവ ഒ.ബി.സി വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ്. നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. ഭൂരിപക്ഷം കൈയിലുള്ളപ്പോള്‍ രാജ്യം ഭിന്നിപ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. അദ്ദേഹം തന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആസാദ് ആരോപിച്ചു.

ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാന്‍ അനുഭാവികളോട് അഭ്യര്‍ത്ഥിക്കുമെന്നും ആസാദ് പറഞ്ഞു. “ഇതൊരു രാഷ്ട്രീയ അജണ്ടയല്ല. ഞാന്‍ ബിജെപിക്കെതിരാണ്, കാരണം ബിജെപി ഭരണഘടനയ്ക്ക് എതിരാണ്”-, അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമ മസ്ജിദില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജനുവരി 15-ന് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിസംബര്‍ 21 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു അദ്ദേഹം.