കാമുകനെ കാണാനായി യുവതി തീഹാര്‍ ജയിലിനുള്ളില്‍; ഉന്നത തല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവ്

സന്നദ്ധ സംഘടനാ പ്രവര്‍ത്തകയെന്ന വ്യാജേന കാമുകനെ കാണാനായി യുവതി തീഹാര്‍ ജയിലിനുള്ളില്‍ കടന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയെല്ലാം കബളിപ്പിച്ച് യുവതി ജയില്‍ നമ്പര്‍- 2 നുള്ളില്‍ കടക്കുകയും കാമുകനുമായി സംഗമിക്കുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലില്‍ കഴിയുന്ന കാമുകന്റെ ആസൂത്രണമനുസരിച്ചാണ് യുവതി ജയിലിനുള്ളില്‍ കടന്നതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറഞ്ഞു.

ഹേമന്ദ് ഗാര്‍ഗ് എന്ന ജയില്‍പ്പുള്ളിയെ കാണാനാണ് കാമുകി ജയിലിനുള്ളില്‍ പ്രവേശിച്ചത്. ഒരു സന്നദ്ധ സംഘടനയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് യുവതി ജയിലിലെത്തിയത്. ഇതു പരിശോധിച്ച് യുവതിയെ ജയിലിനുള്ളില്‍ കടക്കാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നു.

ഇത്തരത്തില്‍ നാലു തവണ യുവതി ജയിലിനുള്ളില്‍ പ്രവേശിച്ചതായണ് വിവരം. അതേസമയം, ഇത്തരത്തില്‍ പുറത്തുനിന്നൊരാള്‍ക്ക് ജയിലിനുള്ളില്‍ പ്രവേശനം നല്‍കിയതില്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.