നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയോട് പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.

മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ചോദ്യം.

നിങ്ങൾക്കവളെ വിവാഹം കഴിക്കാമോ എന്നും നിർബന്ധിക്കില്ല, ഞങ്ങൾ പറഞ്ഞത് കൊണ്ടാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങൾ പറയും എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ ആദ്യം പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നുവെന്നും അപ്പോൾ അവൾ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു.

Read more

ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാൻ കഴിയില്ലെന്നും പ്രതി കോടതിയോടു പറഞ്ഞു. അറസ്റ്റ് ചെയ്താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.