'ഇനി കളി ശിവസേനയുടെ കോർട്ടിൽ'; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി

അധികാരം പങ്കിടൽ സംബന്ധിച്ച് ശിവസേനയുമായുള്ള തർക്കം പരിഹരിക്കപ്പെടാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി.സർക്കാർ രൂപീകരണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബി.ജെ.പി സർക്കാരുണ്ടാകുന്നതിനായുള്ള അവകാശവാദവുമായി മുന്നോട്ട് വരുമെന്ന സൂചനകൾക്കിടെയാണ് ബിജെപി കോർ കമ്മിറ്റിയുടെ രണ്ട് റൗണ്ട് യോഗത്തിന് ശേഷം ഇന്ന് വൈകിട്ടോടെ ഇക്കാര്യം അറിയിച്ചത്. ഇനി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുക എന്നത് ശിവസേനയുടെ ബാധ്യതയാണ്, ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ശിവസേന ആവർത്തിച്ച് പറഞ്ഞിരുന്നു.

“ശിവസേന-ബിജെപി സഖ്യത്തിനാണ് ജനവിധി. ഞങ്ങൾക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയില്ല. ശിവസേന ജനവിധിയെ അപമാനിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എൻ‌സി‌പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ഒരു സർക്കാർ രൂപീകരിക്കുക, അവർക്ക് ഞങ്ങളുടെ ആശംസകൾ ഉണ്ട് “. ഇന്ന് വൈകുന്നേരം ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന ബിജെപി മേധാവി ചന്ദ്രകാന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധികാരം പങ്കിടൽ സംബന്ധിച്ച് ഇരു സഖ്യകക്ഷികളും തമ്മിൽ രണ്ടാഴ്ചയോളം തുടർന്ന തർക്കം ഒരു അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. നിയമസഭയുടെ കാലാവധി അവസാനിച്ച ശനിയാഴ്ച, ഗവർണർ ഭഗത് സിംഗ് കോശ്യരി സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചിരുന്നു. സ്വന്തമായി സർക്കാർ രൂപീകരിക്കുന്നതിനുള്ള സംഖ്യ സേനയ്‌ക്കോ ബിജെപിക്കോ ഇല്ല. കോൺഗ്രസിനും എൻ‌സി‌പിക്കും വേണ്ടത്ര സീറ്റില്ല, പ്രതിപക്ഷത്ത് ഇരിക്കാൻ തയാറാണെന്ന് ഇരു പാർട്ടികളും നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ശരദ് പവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. ക്യാബിനറ്റ് ബെർത്തിന്റെ പകുതിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് റൊട്ടേഷൻ സംവിധാനവും വേണമെന്ന ആവശ്യത്തിൽ സേന ഉറച്ചുനിന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ശിവസേന അന്നുമുതൽ കടുംപിടുത്തം തുടരുകയാണ്.