"ധൈര്യം കൈവിടില്ല": സോണിയ ഗാന്ധി, മൻ‌മോഹൻ സിംഗ് സന്ദർശനത്തിന് ശേഷം പി. ചിദംബരം

അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 5 മുതൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെ കാണാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തിങ്കളാഴ്ച ഡൽഹിയിലെ തിഹാർ ജയിലിൽ സന്ദർശനം നടത്തി.

രാഷ്ട്രീയ പ്രേരിതം എന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്ന, തങ്ങളുടെ പാർട്ടി നേതാക്കൾക്ക് എതിരെ ഉള്ള കേന്ദ്ര സർക്കാരിന്റെ നടപടികളോടുള്ള നിലപാടും പി.ചിദംബരം ഡി.കെ ശിവകുമാർ തുടങ്ങി അഴിമതി ആരോപണത്തെ തുടർന്ന് ജയിലിലായ നേതാക്കളെ പാർട്ടി പിന്തുണയ്ക്കുമെന്ന ഉറച്ച സൂചനയുമാണ് കോൺഗ്രസിന്റെ രണ്ട് ഉന്നത നേതാക്കളുടെ തിഹാർ സന്ദർശനം കൊണ്ട് വ്യക്തമാകുന്നത്.

സന്ദർശനത്തെ ചിദംബരം തന്റെ ട്വീറ്റുകളിൽ അഭിനന്ദിച്ചു. “സോണിയ ഗാന്ധിയും ഡോ. മൻ‌മോഹൻ സിംഗും സന്ദർശിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പാർട്ടി ശക്തവും ധീരവുമായിരിക്കുന്നു കാലത്തോളം ഞാനും ശക്തനും ധീരനുമായിരിക്കും” ചിദംബരത്തിന്റെ കുടുംബം അദ്ദേഹത്തിന് വേണ്ടി ട്വീറ്റ് ചെയ്തു.

സോഡിയ ഗാന്ധി തന്റെ പിതാവിന് വളരെയധികം പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹവും ഡോ. സിങ്ങും സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ദീർഘനേരം ചർച്ച നടത്തിയെന്നും കോൺഗ്രസ് നേതാക്കൾക്കൊപ്പം പോയ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം പറഞ്ഞു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ സന്ദർശിച്ചിരുന്നു.

2007 ൽ രാജ്യത്തെ ധനമന്ത്രിയെന്ന നിലയിൽ ഐ‌എൻ‌എക്സ് മീഡിയ കമ്പനിയിലേക്ക് അനധികൃതമായി വിദേശ ഫണ്ടുകൾ വൻതോതിൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകി എന്നതാണ് ചിദംബരത്തിന് എതിരെ ഉള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം കൈക്കൂലി വാങ്ങി എന്നും പറയപ്പെടുന്നു.

കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചിദംബരത്തോടൊപ്പം സന്ദർശിച്ചു.