ആരാണ് ആർ.എസ്.എസുകാർ, ആദിമ വർഗമോ ദ്രാവിഡരോ ആര്യൻമാരോ​: സിദ്ധരാമയ്യ, മാപ്പു പറയണമെന്ന് ബി.ജെ.പി

ആർ.എസ്.എസിൽ പെട്ടവർ ആദിമ നിവാസികളോ ദ്രാവിഡരോ ആര്യൻമാരോ എന്ന് കർണാടക കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗെവറെ കുറിച്ച് സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദത്തോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആർഎസ്എസുകാർ സ്വദേശികളായ ഇന്ത്യക്കാരാണോ? അതുപോലെ തന്നെ ആര്യന്മാർ ഈ രാജ്യത്ത് നിന്നുള്ളവരാണോ? അവർ ദ്രാവിഡരാണോ? അവരുടെ ഉത്ഭവസ്ഥാനത്തേക്ക് പോകേണ്ടിവരും, അനാവശ്യമായി, ഞങ്ങൾ അതിനെക്കുറിച്ച് ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നില്ലന്ന്” സിദ്ധരാമയ്യ പറഞ്ഞു.

മുഗളൻമാരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശവും നീണ്ട കാല ഭരണവും മൂലം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് മുഗളൻമാരും ബ്രിട്ടീഷുകാരും ഇവിടെ വർഷങ്ങളോളം ഭരിക്കാൻ ഇടയായത്? താൻ കൂടുതലൊന്നും പറയുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം വേദി പങ്കിട്ട രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഈ അഭിപ്രായത്തെ പിന്തുണച്ച് ചടങ്ങിൽ സംസാരിച്ചു.

താനും മുമ്പ് പാർലമെന്റിൽ ഇതേ കാര്യം പറഞ്ഞിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.”നടൻ ഷാരൂഖ് ഖാനും കുടുംബവും രാജ്യം വിടാൻ ചില വിവാദങ്ങളും ആഹ്വാനങ്ങളും ഉണ്ടായപ്പോൾ, ഞാൻ രാജ്‌നാഥ് സിംഗിനോട് (പ്രതിരോധ മന്ത്രി) പറഞ്ഞിരുന്നു, നിങ്ങൾ മധ്യേഷ്യയിൽ നിന്ന് വന്നവരാണ്, നിങ്ങൾ ഹിറ്റ്‌ലറുടെ പിൻഗാമികളാണ്, നിങ്ങൾ ഇവിടം വിട്ട് പോകൂ എന്ന് മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

ആർഎസ്എസിനെതിരായ അഭിപ്രായങ്ങളിൽ രോഷാകുലരായ ബിജെപി നേതാക്കൾ ഇതിനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തുവന്നിരുന്നു. ‘സിദ്ധരാമയ്യയ്ക്ക് വസ്തുതകൾ അറിയില്ല അതല്ലെങ്കിൽ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെയോ മുസ്ലീങ്ങളേയോ പ്രീതിപ്പെടുത്താൻ സിദ്ധരാമയ്യ “നാടകം” കളിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചത്.

ഹെഡ്‌ഗേവാർ തുടക്കത്തിൽ കോൺഗ്രസിനൊപ്പമായിരുന്നുവെന്നും അതിന്റെ സേവാദളിന്റെ തലവനായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ പ്രഹ്ലാദ് സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും വിപ്ലവകാരികൾക്ക് നൽകിയ പിന്തുണയെക്കുറിച്ചും നിരവധി കോൺഗ്രസ് നേതാക്കൾ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.

Read more

ഹെഡ്‌ഗേവാർ ഒരു യഥാർത്ഥ ദേശസ്‌നേഹിയായിരുന്നെന്നും അദ്ദേഹം ഇന്ത്യയിൽ ആർഎസ്‌എസ് സ്ഥാപിച്ചെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. ഒരു വിദേശ നേതാവിനെ പിന്തുടരാത്തവരാണ് ആർഎസ്എസുകാരെന്ന് പറഞ്ഞ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ കെ എച്ച് ഈശ്വരപ്പ, സിദ്ധരാമയ്യ തന്റെ അഭിപ്രായത്തിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മറ്റ് നിരവധി ബിജെപി നേതാക്കളും സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു.