കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ കാണാൻ 51,000 രൂപ ആവശ്യപ്പെട്ടു; പശ്ചിമ ബം​ഗാളിലെ ആശുപത്രിക്ക് എതിരെ കുടുംബം

കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ കാണാൻ സ്വകാര്യ ആശുപത്രി പണം ആവശ്യപ്പെട്ടെന്ന ആരോപണവുമായി കുടുംബം രം​ഗത്ത്. പശ്ചിമ ബം​ഗാളിലാണ് സംഭവം.

ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് ഹരി ഗുപ്ത മരിച്ചത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെയാണ് വിവരം ബന്ധുക്കളെ ആശുപത്രി അറിയിക്കുന്നത്. മൃതദേഹം കാണിക്കണമെങ്കിൽ 51,000 രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹം സംസ്കരിക്കാൻ പോവുകയാണെന്നും കാണിക്കണമെങ്കിൽ 51,000 രൂപ ആശുപത്രി അധികൃതർ ചോദിച്ചെന്നും മൻ സാ​ഗർ ​ഗുപ്ത പറഞ്ഞു. ഇത് എതിര്‍ത്തപ്പോള്‍ 31000 മതിയെന്നു പറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് വിവരം അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ബന്ധപ്പെടാന്‍ വിവരങ്ങള്‍ ഇല്ലായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് സാഗര്‍ പറയുന്നു.